പഞ്ചായത്ത് ഓഫിസില്‍ മോദിയുടെ ഫോട്ടോ വച്ചു; ബിജെപി നേതാവ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി ജയിലിൽ .
പഞ്ചായത്ത് ഓഫിസില്‍ അതിക്രമിച്ചു കയറി പ്രധാനമന്ത്രിയുടെ ഫോട്ടോ സ്ഥാപിച്ച ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബി.എം.എസ് കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറിയാണു ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തപ്പെട്ട് ജയിലിലായത്. കോയമ്പത്തൂര്‍ പൂലുവപെട്ടി ടൗണ്‍ പഞ്ചായത്ത് ഓഫിസില്‍ ശനിയാഴ്ചയാണ് അറസ്റ്റിലേക്കു നയിച്ച സംഭവങ്ങളുണ്ടായത്.
പ്രധാനമന്ത്രിയുടെ ഫോട്ടോ സര്‍ക്കാര്‍ ഓഫിസിന്റെ ചുമരില്‍ തൂക്കാന്‍ ശ്രമിച്ചു പുലിവാലു പിടിച്ചിരിക്കുകയാണ് ബി.എം.എസ് കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറി എം.ഭാസ്കരനും അനുയായികളും. ശനിയാഴ്ച പൂലുവപെട്ടി ടൗണ്‍ പഞ്ചായത്ത് ഓഫിസില്‍ ഭാസ്കരനും കുറച്ചാളുകളും എത്തി. കയ്യിലുള്ള പ്രധാനമന്ത്രിയുടെ ഫോട്ടോ ചുമരില്‍ തൂക്കണമെന്നാവശ്യപ്പെട്ടു. കലക്ടറില്‍ നിന്ന് അനുമതിയില്ലാതെ നടക്കില്ലെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പഞ്ചായത്ത് ഓഫിസ് സ്ഥിതി ചെയ്യുന്നതു പാക്കിസ്ഥാനിലാണോയെന്ന ആക്രോശവുമായി ഭാസ്കരനും സംഘവും സെക്രട്ടറിയെ നേരിട്ടു. ഫോട്ടോ ചുമരില്‍ തൂക്കി സ്ഥലം വിട്ടു.
ദൃശ്യങ്ങള്‍ ഭാസ്കരന്‍ തന്നെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെ പഞ്ചായത്ത് സെക്രട്ടറി രംഗസാമി പൊലീസില്‍ പരാതി നല്‍കി. അതിക്രമിച്ചു കടക്കല്‍, ഭീഷണിപ്പെടുത്തല്‍, ഗൂഢാലോചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ആലന്തുറൈ പൊലീസ് ഭാസ്കരനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. കൂടെയുണ്ടായിരുന്ന 11 പേര്‍ക്കായി തിരച്ചില്‍ തുടങ്ങി. മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെയും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെയും ഫോട്ടോ സ്ഥാപിച്ചിടത്തു പ്രധാനമന്ത്രിക്കു സ്ഥാനമില്ലേയെന്നാണു ബി.ജെ.പിക്കാര്‍ ഇപ്പോള്‍ ചോദിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍