10 പവൻ സൂക്ഷിച്ച അലമാരയിൽ നിന്നും ഒന്നര പവൻ മാത്രം എടുത്തു; കളവിലും 'മാന്യത' കാണിച്ച് മോഷ്ടാവ്
നാദാപുരം: പത്തു പവനോളം സൂക്ഷിച്ച അലമാരയിൽനിന്നും ഒന്നര പവൻ മാത്രം എടുത്ത് മോഷ്ടാവ്. ചൊവ്വാഴ്ച രാവിലെ 11ഓടെ വളയം ചുഴലിയിലാണ് സംഭവം. ചാത്തൻകണ്ടിയിൽ രവീന്ദ്രന്റെ വീട്ടിലാണ് മോഷണം.
കാർപന്ററായ രവീന്ദ്രനും തൊഴിലുറപ്പ് തൊഴിലാളിയായ ഇവരുടെ ഭാര്യയും ജോലിക്കുപോയ സമയത്തായിരുന്നു മോഷണം നടന്നത്. ഈ സമയത്ത് ഇവരുടെ ചെറിയ കുട്ടികൾ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.20 വയസ്സ് മാത്രം തോന്നിക്കുന്ന മോഷ്ടാവ് അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന പത്ത് പവനോളം വരുന്ന സ്വർണ ഉരുപ്പടിയിൽനിന്ന് ഒരു പവന്റെ ഒരു മാലയും ഒരു മോതിരവും മാത്രമെടുത്ത് സ്ഥലംവിടുകയായിരുന്നു. ബാക്കി സ്വർണം ഭദ്രമായി ബാഗിൽതന്നെ വെച്ചാണ് ഇയാൾ കടന്നത്.
ഇതോടൊപ്പം വീട്ടിലെ ഒരു മൊബൈൽ ഫോണും കാണാതായി. ഈ ഫോൺ പിന്നീട് ചുഴലിയിൽ സർവിസ് നടത്തുന്ന ജീപ്പിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഫോൺ എങ്ങനെ ജീപ്പിൽ എത്തി എന്ന അന്വേഷണമാണ് മോഷണ വിവരം അറിയാൻ സഹായിച്ചത്. സംഭവം നടന്ന ദിവസം രാവിലെ മോഷ്ടാവ് എന്ന് സംശയിക്കുന്ന യുവാവ് മോഷണം നടന്ന വീടിന്റെ സമീപത്തെ വീട്ടിലും എത്തിയിരുന്നതായി പിന്നീട് തെളിഞ്ഞു. കൂടുതൽ സ്വർണം നഷ്ടപ്പെടാതിരുന്നതിലുള്ള ആശ്വാസത്തിലാണ് കുടുംബം.
വളയം എസ്.ഐ അനീഷിന്റെ നേതൃത്വത്തിൽ ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിൽ പരിശോധന നടത്തി. ഇതിനിടെ മോഷ്ടാവിന്റേതെന്ന് സംശയിക്കുന്ന ദൃശ്യം ചുഴലിയിലെ സി.സി.ടി.വിയിൽ കണ്ടെത്തി. ഇയാൾ ഇവിടെനിന്ന് ജീപ്പിൽ കയറുന്നത് ദൃശ്യങ്ങളിൽനിന്ന് കാണാൻ കഴിഞ്ഞതായി പൊലീസ് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്