കൊച്ചിയില്‍ വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട! യുവതി അടക്കം 8 പേര്‍ പിടിയില്‍
കൊച്ചിയിൽ വീണ്ടും വൻ മയക്കുമരുന്നു വേട്ട. ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിൽ നടത്തിയ പരിശോധനയിൽ 55 ഗ്രാം എംഡിഎംഎ പിടികൂടി. ഒരു സ്ത്രീ അടക്കം എട്ടു പേർ പിടിയിലായി. കൊച്ചി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് മാരക മയക്കുമരുന്ന് പിടികൂടിയത്.
ആലുവ സ്വദേശി റെച്ചു റഹ്മാൻ, മലപ്പുറം സ്വദേശി മുഹമ്മദ് അലി, തൃശൂർ സ്വദേശി ബിബീഷ്, കണ്ണൂർ സ്വദേശി സൽമാൻ, കൊല്ലം സ്വദേശികളായ ഷിബു, ജുബൈ൪, തൻസീല, ആലപ്പുഴ സ്വദേശി ശരത് എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ വഴി ഹോട്ടലില്‍ മൂന്നു മുറികള്‍ എടുത്താണ് സംഘം എത്തിയത്. മലപ്പുറത്തു നിന്നുള്ള സംഘമാണ് മയക്കുമരുന്ന് വില്‍പ്പനയ്ക്ക് എത്തിയത്. വിവാഹമോചിതയും ഒരു കുട്ടിയുടെ അമ്മയുമായ 24 കാരി അടക്കം കൊല്ലം സ്വദേശികളായ നാലു പേര്‍ വാങ്ങാനെത്തിയവരാണ്. രണ്ടു സംഘങ്ങള്‍ എത്തിയ മൂന്നു കാറുകളും ഇവര്‍ ഉപയോഗിച്ചിരുന്ന 10 മൊബൈല്‍ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.
വിദേശത്ത് ജോലി ചെയ്തിരുന്ന പ്രതികളില്‍ ചിലര്‍ ദുബായില്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി നാടുകടത്തപ്പെട്ടവരാണ്. അറസ്റ്റിലായവരില്‍ കൊലക്കേസ് പ്രതികളും ഉണ്ടെന്നാണ് വിവരം. എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് സിഐമാരായ അനി കുമാർ, കൃഷ്ണകുമാർ, കസ്റ്റംസ് പ്രവന്‍റീവ് വിഭാഗം അസിസ്റ്റന്റ് കമ്മിഷണർ പി ജി ലാലു, സൂപ്രണ്ട് വിവേക് വി, ഇൻസ്‌പെക്ടർമാരായ ലിജിൻ ജെ കമൽ, ഷിനുമോൻ അഗസ്റ്റിൻ, റമീസ് റഹീം, മനീഷ് എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് റെയ്ഡ് നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍