രാജ്യത്ത് ഡിജിറ്റല്‍ കറന്‍സി വരുന്നു; പ്രഖ്യാപനവുമായി നിര്‍മ്മല സീതാരാമന്‍


2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഡിജിറ്റര്‍ കറന്‍സി പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ റുപ്പീകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കും. ഡിജിറ്റല്‍ കറന്‍സികള്‍ പുറത്തിറക്കുന്നത് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് നല്‍കുമെന്നും ധനമന്ത്രി പറഞ്ഞു.

ഇന്ത്യ ഒരു സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തിലായിരിക്കും ഡിജിറ്റല്‍ കറന്‍സി. ബിറ്റ് കോയിനുള്‍പ്പെടെയുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ ഭരണ കൂടങ്ങളുടെയും ദേശീയ ബാങ്കിംഗ് സംവിധാനത്തിന്റെയും ചട്ടക്കൂടുകള്‍ക്ക് പുറത്താണ്. ഇവയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നത് സംബന്ധിച്ച് ധനമന്ത്രി പരാമര്‍ശമൊന്നും നടത്തിയിട്ടില്ല.

ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി ആരംഭിക്കുമെന്നും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ഇ വിദ്യ പ്രകാരം വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ എന്ന പദ്ധതി ആരംഭിക്കിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് രാജ്യത്തെ സ്‌കൂളുകള്‍ അടച്ചിട്ടതോടെ വിദ്യാര്‍ത്ഥികള്‍, പ്രത്യേകിച്ച് ഗ്രാമങ്ങളിലെ പിന്നാക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് വര്‍ഷത്തോളം പ്രാഥമിക വിദ്യാഭ്യാസം നഷ്ടപ്പെട്ടു. സര്‍ക്കാര്‍ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിന് വേണ്ടിയാണ് വണ്‍ ക്ലാസ് വണ്‍ ചാനല്‍ എന്ന പദ്ധതി ആരംഭിക്കുന്നത്. പ്രദേശിക ഭാഷകളില്‍ ചാനലുകള്‍ ലഭിക്കും. ഒന്നു മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ പ്രാദേശിക ഭാഷകളില്‍ അനുബന്ധ വിദ്യാഭ്യാസം വിദ്യാര്‍ത്ഥികള്‍ക്ക് ഉറപ്പാക്കുന്നതിന് പദ്ധതി ലസംസ്ഥാനങ്ങളെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ട് ലക്ഷം അംഗന്‍വാടികളെ നവീകരിക്കാന്‍ സമക്ഷം അംഗന്‍വാടി പദ്ധതി നടപ്പാക്കും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍