യാത്രാ ഇളവില്‍ യു.എ.ഇയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം

ദുബൈ: വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വരാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച യാത്രാ ഇളവില്‍
യു.എ.ഇയെ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധം. പ്രവാസികള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനത്തില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരുള്ള യു.എ.ഇ യെ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയാറാവാത്തതാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
കുവൈത്തിനെയും പട്ടികയില്‍ പെടുത്തിയിട്ടില്ല. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൊവിഡ് പരിശോധന നടത്താതെ നാട്ടിലെത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാക്കിയ പട്ടികയാണ് പുറത്തു വന്നത്. പുതുതായി ഏര്‍പ്പെടുത്തിയ ഇളവ് പ്രവാസികള്‍ക്ക് ഏറെ മുതല്‍ക്കൂട്ടാകുമെന്നാണ് കരുതുന്നത്.സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ പ്രവാസി സമൂഹം നടപടിയെ സ്വാഗതം ചെയ്തു. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ കൂടി സര്‍ക്കാര്‍ സന്നദ്ധമാകണമെന്ന അഭിപ്രായവും ശക്തമാണ്.ജനസംഖ്യയുടെ 94 ശതമാനവും വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചവരാണ് യു.എ.ഇയിലുള്ളത്.

നല്ലൊരു ശതമാനം ജനങ്ങളും ബൂസ്റ്റര്‍ ഡോസും സ്വീകരിച്ചിട്ടുണ്ട്. യു.എ.ഇയേക്കാള്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യങ്ങളെ ഉള്‍പെടുത്തിയിട്ടും കേന്ദ്രസര്‍ക്കാരിന്റെ പട്ടികയില്‍ യു.എ.ഇയെ ഉള്‍പെടുത്താത്തതിലാണ് പ്രതിഷേധം. 50 മുതല്‍ 150 ദിര്‍ഹം വരെ മുടക്കിയാണ് ഓരോരുത്തരും നിലവില്‍ പരിശോധന നടത്തുന്നത്. ചെറിയ ശമ്പളത്തിന് നില്‍ക്കുന്ന പ്രവാസികള്‍ക്ക് ഇത് വലിയ ബാധ്യതയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍