ചിൽഡ്രൻസ് ഹോമിലെ കുട്ടിയുടെ വെളിപ്പെടുത്തൽ; പോക്‌സോ കേസിൽ മുൻ പഞ്ചായത്തംഗം പിടിയിൽ
കണ്ണൂർ: ഗ്രാമപ്പഞ്ചായത്ത് മുൻ ഭരണസമിതിയംഗം പോക്സോ കേസിൽ അറസ്റ്റിലായി. നാറാത്ത് ഗ്രാമപ്പഞ്ചായത്ത് മുൻ ഭരണസമിതിയംഗവും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായിരുന്ന കണ്ണാടിപ്പറമ്പ് കണിയാറക്കൽ വീട്ടിൽ ഹസീബ് (36) ആണ് അറസ്റ്റിലായത്.
കോഴിക്കോട് മെഡിക്കൽ കോളേജിനടുത്ത ചിൽഡ്രൻസ് ഹോമിൽനിന്ന് പ്രായപൂർത്തിയാകാത്ത ഏതാനും പെൺകുട്ടികൾ ചാടിപ്പോകുകയും പിന്നീട് പിടിയിലാകുകയും ചെയ്തിരുന്നു. ഇവരിൽ ഒരാളുടെ പരാതിയിലാണ് ഇയാളെ കണ്ണൂർ ടൗൺ പോലീസ് അറസ്റ്റ്ചെയ്തത്.
അച്ഛന്റെകൂടെ മദ്യപിക്കാനെത്തിയ പ്രതി തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ പരാതി. ചാടിപ്പോയ കുട്ടികളെ ചേവായൂർ പോലീസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
