കോഴിക്കോട്ടെ ഫ്‌ളാറ്റുകളില്‍ ലഹരിപാര്‍ട്ടികള്‍; പെണ്‍സുഹൃത്തുമായി വന്നാല്‍ ഇളവ്, എംഡിഎംഎ കുക്കിങ്ങും
കോഴിക്കോട്: ഹോട്ടലുകൾ ലഹരിസംഘത്തിന് സുരക്ഷിതമല്ലെന്ന് കണ്ടതോടെ കോഴിക്കോട് നഗരത്തിൽ അപ്പാർട്ട്മെന്റുകൾ കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് പാർട്ടികൾ സജീവമാവുന്നു. രണ്ടും മൂന്നും ദിവസങ്ങൾ നീണ്ടുനിൽക്കുന്ന പാർട്ടികളിൽ പങ്കെടുക്കാൻ എറണാകുളം ജില്ലയിൽനിന്നടക്കം ആളുകളെത്തുന്നുണ്ട്. മൂവായിരംമുതൽ പതിനായിരം രൂപവരെയാണ് ഒരാളിൽനിന്ന് ഈടാക്കുന്നത്. പെൺസൃഹൃത്തുമായെത്തുന്നവർക്ക് ഈ തുകയിൽ ഇളവുംനൽകുന്നുണ്ട്.
കോഴിക്കോട് നഗരത്തിൽ ഫ്ളാറ്റുകൾ വാടകയ്ക്കെടുത്ത് 16 ഇടങ്ങളിൽ ലഹരിപ്പാർട്ടികൾ നടക്കുന്നുണ്ടെന്നാണ് എക്സൈസ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചവിവരം. അത്തരം ഏഴുകേന്ദ്രങ്ങളാണ് എക്സൈസ് കണ്ടെത്തി സംഘാടകരെ പിടികൂടിയത്.
സംഘത്തിൽപ്പെട്ട ഏതെങ്കിലുമൊരാൾ താമസിക്കാനെന്നരീതിയിൽ ഫ്ളാറ്റുകൾ വാടകയ്ക്കെടുത്ത് പാർട്ടി സംഘടിപ്പിക്കുന്നതാണ് രീതി. ഇവരുടെ സൗഹൃദവലയങ്ങളിലുള്ളവരാണ് കൂടുതലുമെത്തുന്നത്. അതുകൊണ്ട് വളരെ രഹസ്യമായിരിക്കും കാര്യങ്ങളെല്ലാം. വിദ്യാർഥികളും സ്ത്രീകളുമുൾപ്പെടെയുള്ളവരും വരുന്നുണ്ട്.
ലഹരിപ്പാർട്ടികൾ മറ്റ് അനാശാസ്യപ്രവൃത്തികൾക്കും ഹണിട്രാപ്പിനുമെല്ലാം വേദിയാവുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ഹണിട്രാപ്പിന് പന്തീരാങ്കാവ് പോലീസ് അറസ്റ്റുചെയ്ത മാനന്തവാടി സ്വദേശിനി ലഹരിസംഘത്തിൽപ്പെട്ടയാളാണ്. ഇവർ താമസിച്ച പാലാഴിയിലെ വീട്ടിൽവെച്ച് ലഹരിപ്പാർട്ടിക്കായി കൊണ്ടുവന്ന എം.ഡി.എം.എ. എക്സൈസ് കണ്ടെടുത്തിരുന്നു.
രാത്രി വളരെ വൈകിയാണ് ലഹരിപ്പാർട്ടികൾ നടക്കുന്നത്. ചെറിയ സംഗീതമൊക്കെ ഉണ്ടാവുമെങ്കിലും എക്സൈസ് റെയ്ഡിനെത്തുമ്പോഴാണ് അടുത്തുള്ള താമസക്കാർ പലപ്പോഴും വിവരമറിയുന്നത്.
അപ്പാർട്ടുമെന്റുകൾ കേന്ദ്രീകരിച്ച് എം.ഡി.എം.എ. കുക്കിങ്ങും (മിക്സ് ചെയ്ത് തയ്യാറാക്കൽ) നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മുക്കത്തിനടുത്ത് പന്നിക്കോട്, കക്കാടംപൊയിൽ എന്നിവിടങ്ങളിലെല്ലാം ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ലഹരിപ്പാർട്ടികൾ നടക്കുന്നുണ്ട്.
കഞ്ചാവിനോട് പഴയ ലഹരിയില്ല
നേരത്തേ കഞ്ചാവായിരുന്നു വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന ലഹരിമരുന്ന്. എന്നാൽ, സ്കൂൾവിദ്യാർഥികളാണ് ഇപ്പോൾ കൂടുതലും കഞ്ചാവുപയോഗിക്കുന്നത്. ബ്രൗൺഷുഗർ മധ്യവയസ്സ് പിന്നിട്ടവരും. യുവത്വത്തിന്റെ ലഹരി എം.ഡി.എം.എ. ഉൾപ്പെടെയുളള സിന്തറ്റിക് മയക്കുമരുന്നുകളാണ്. കോഴിക്കോട് മെഡിക്കൽ കോളേജ്, എൻ.ഐ.ടി. ഉൾപ്പെടെയുള്ള പല കാമ്പസുകളിലും ഇവർ പിടിമുറുക്കിയിട്ടുണ്ട്.
ആന്ധ്രയിൽനിന്ന് ലോറികളിലെത്തുന്ന കഞ്ചാവ് പലപ്പോഴും പിടിക്കപ്പെടുന്നുണ്ടെങ്കിലും രണ്ടുവർഷത്തിനിടെ കഴിഞ്ഞ നവംബറിലാണ് എക്സ്സൈസ് കോഴിക്കോട്ടുവെച്ച് ബ്രൗൺഷുഗർ പിടികൂടുന്നത്. 2021-ൽ 120 ഗ്രാം എം.ഡി.എം.എ.യാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി എക്സൈസ് പിടിച്ചത്. എന്നാൽ, ഈവർഷം ഒരുമാസംകൊണ്ട് നൂറുഗ്രാമിലധികം എം.ഡി.എം.എ. കോഴിക്കോട്ടുനിന്ന് പിടികൂടി.
പ്രണയം, സൗഹൃദം, ചതി
പ്രണയിക്കുന്ന ആളുടെയോ ബോയ്ഫ്രണ്ടിന്റെയോ നിർബന്ധത്തിന് വഴങ്ങി ഒരുതവണ ലഹരി ഉപയോഗിക്കുന്ന പെൺകുട്ടികൾ പിന്നീട് അതിനടിമകളായി കടത്തുകാരും വിൽപ്പനക്കാരുമായി മാറുന്നുണ്ട്. ലഹരി നൽകിയശേഷം ലൈംഗികമായി ദുരുപയോഗം ചെയ്ത് ഭീഷണിപ്പെടുത്തിയാണ് കൂടുതൽപേരും പെൺകുട്ടികളെ ലഹരിസംഘത്തിന്റെ ഭാഗമാക്കുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. ലഹരിക്കടത്തിന് മറയാക്കുന്നതിനൊപ്പം മറ്റുള്ളവരെ ലഹരിക്കടിമകളാക്കാനും പെൺകുട്ടികളെ ഇവർ ഉപയോഗപ്പെടുത്തുന്നു. ഇൻസ്റ്റഗ്രാമാണ് ലഹരിസംഘങ്ങൾ ആശയവിനിമയത്തിനും പാർട്ടികൾ സംഘടിപ്പിക്കാനുമെല്ലാം ഉപയോഗിക്കുന്നത്.
ലഹരി കടത്താൻ വഴികൾ പലത്
ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ചനിലയിലാണ് ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടെത്തിയ ബൈക്ക് യാത്രക്കാരിൽനിന്ന് 55 ഗ്രാം എം.ഡി.എം.എ. പിടികൂടിയത്. ബൈപ്പാസിൽ ചേവായൂർ പാച്ചാക്കലിനടുത്ത്വെച്ചായിരുന്നു സംഘം പിടിയിലായത്.
അതിനുമുൻപ് വിവാഹക്ഷണക്കത്തിലും കംപ്യൂട്ടർ മൗസിനുള്ളിലുമൊക്കെ എം.ഡി.എം.എ. കടത്തിയിരുന്നു. സൂക്ഷിക്കാൻ വളരെ എളുപ്പമാണെന്നതാണ് ഇതിന്റെ പ്രത്യേകത. കൊടുവള്ളി, താമരശ്ശേരി ഭാഗങ്ങളിലെ കുഴൽക്കടത്ത് സംഘത്തിലെ കരിയർമാരും ബെംഗളൂരുവിൽനിന്ന് മയക്കുമരുന്നെത്തിക്കുന്നുണ്ട്.
സംഘത്തിൽപ്പെട്ട ഏതെങ്കിലുമൊരാൾ താമസിക്കാനെന്നരീതിയിൽ ഫ്ളാറ്റുകൾ വാടകയ്ക്കെടുത്താണ് ലഹരിപ്പാർട്ടി സംഘടിപ്പിക്കുന്നത്. ഇവരുടെ സൗഹൃദവലയങ്ങളിലുള്ളവരാണ് കൂടുതലുമെത്തുന്നത്. അതുകൊണ്ടുതന്നെ വളരെ രഹസ്യമായിരിക്കുമെല്ലാം
ബെംഗളൂരു-കോഴിക്കോട് ലഹരി ഇടനാഴി
ഗോവയായിരുന്നു കോഴിക്കോട്ടേക്ക് ലഹരിയെത്തിച്ചിരുന്ന കേന്ദ്രം. പക്ഷേ, എം.ഡി.എം.എ. വ്യാപകമായതോടെ ബെംഗളൂരുവിൽനിന്നാണ് ഇപ്പോൾ ലഹരിയെത്തുന്നത്. ബെംഗളൂരുവിലെ മലയാളി വിദ്യാർഥികളാണ് ഇടനിലക്കാർ.
ലഹരി ഉപയോഗിക്കുന്ന സുഹൃത്തുക്കളുടെ വലയിൽപ്പെട്ടുപോവുന്നവർ പിന്നീട് കൈയിൽ പണമില്ലാതാവുമ്പോൾ ഇടനിലക്കാരായി മാറുകയാണ്. നാട്ടിൽ എക്സൈസിന്റെയും പോലീസിന്റെയും ശ്രദ്ധയിൽപ്പെട്ടു എന്നുതോന്നിയാൽ ബെംഗളൂരു സുരക്ഷിത താവളമാക്കുന്നവരുമുണ്ട്. പിന്നീട് അവർ അവിടെ പ്രധാന ഇടനിലക്കാരായി വരുമാനമുണ്ടാക്കും.
കോഴിക്കോട്ടുനിന്ന് ഗൾഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്നു കടത്തുന്ന സംഘം ബാലുശ്ശേരി, വടകര, നടുവണ്ണൂർ, മേഖലകൾ കേന്ദ്രീകരിച്ചും പ്രവർത്തിക്കുന്നുണ്ട്. മലയാളികൾ ഗൾഫ് രാജ്യങ്ങളിൽ നടത്തുന്ന ഡെസേർട്ട് പാർട്ടികൾക്കും ഇവർ ലഹരിയെത്തിക്കുന്നുണ്ട്. ഡെസേർട്ട് പാർട്ടിക്കിടെ കോഴിക്കോട്ടുകാരനായ ഒരുയുവാവ് അധികഡോസുപയോഗിച്ച് മരിച്ച സംഭവവുമുണ്ടായി.
മാറാതെ സ്റ്റാഫ് പാറ്റേൺ
ലഹരിക്കേസുകൾ പിടികൂടാൻ എക്സൈസിനു മുകളിൽ ഉന്നതോദ്യോഗസ്ഥരുടെ വൻ സമ്മർദമാണ്. മിക്ക ദിവസങ്ങളിലും ലഹരിക്കടത്ത് പിടിക്കുന്നുമുണ്ട്. പക്ഷേ, 1964-ലെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴും തുടരുന്നത്. അതുകൊണ്ട് പല ഓഫീസുകളിലും വേണ്ടത്ര ജീവനക്കാരില്ല.
കൊയിലാണ്ടി, താമരശ്ശേരി, റേഞ്ച് ഓഫീസുകൾ,നർക്കോട്ടിക് ഓഫീസുകൾ എന്നിവിടങ്ങളിലെല്ലാം ഇൻസ്പെക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. മയക്കുമരുന്നിന്റെ സ്രോതസ്സ് കണ്ടെത്താനാണ് ക്രൈംബ്രാഞ്ച് സംഘം രൂപവത്കരിച്ചത്. പക്ഷേ, മലബാറിൽ അഞ്ചുജില്ലകൾക്കായി ഒരു സർക്കിൾ ഇൻസ്പെക്ടർ അടക്കം നാലുദ്യോഗസ്ഥരെ ക്രൈംബ്രാഞ്ചിലുള്ളൂ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍