സൗദി അറേബ്യയിലെ ജുബൈല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് മടങ്ങിയ മലയാളിക്ക് പിടിച്ചെടുത്ത പണം തിരികെ നല്‍കി


ഏഴുവര്‍ഷം മുമ്പ് സൗദി അറേബ്യയിലെ ജുബൈല്‍ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ മലയാളിക്ക്, പിടിയിലാവുമ്പോള്‍ കൈവശമുണ്ടായിരുന്ന തുക അധികൃതര്‍ തിരികെക്കൊടുത്തു. തൃശൂര്‍ വടക്കുംമുറി സ്വദേശി ശ്രീനേഷിനാണ് 1.30 ലക്ഷം രൂപ തിരികെ ലഭിക്കുന്നത്.

ജുബൈലിലെ സാമൂഹിക പ്രവര്‍ത്തകരുടെ ശ്രമഫലമായാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പണം തിരികെ ലഭിക്കാന്‍ വഴിയൊരുങ്ങിയത്. 2015ല്‍ ഒരു കേസില്‍ അകപ്പെട്ട് ജുബൈല്‍ ജയിലിലായ ശ്രീനേഷിന്റെ കൈവശം അന്നുണ്ടായിരുന്ന തുക പൊലീസ് പിടിച്ചെടുക്കുകയായിരുന്നു.

ജയിലിലായി എട്ടു മാസങ്ങള്‍ക്ക് ശേഷം ശ്രീനേഷിനെ നാട്ടിലേക്ക് കയറ്റിവിട്ടെങ്കിലും കേസ് നടപടി പൂര്‍ത്തിയാകാത്തതിനാല്‍ പണം കൈമാറിയിരുന്നില്ല. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പ് ജുബൈല്‍ സ്റ്റേഷനില്‍നിന്നും സൗദിയിലെ സാമൂഹിക പ്രവര്‍ത്തകരെ ബന്ധപ്പെടുകയും ശ്രീനേഷിനെ കണ്ടെത്താന്‍ ആവശ്യപ്പെടുകയും ചെയ്തു.

ശ്രീനേഷിന്റെ നാട്ടിലെ നമ്പറിനായി സാമൂഹിക പ്രവര്‍ത്തകര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചെങ്കിലും വിവരം ലഭ്യമായില്ല. തുടര്‍ന്ന് സമൂഹമാധ്യമങ്ങള്‍ വഴിയാണ് ശ്രീനേഷിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് ഈ വിവരങ്ങളെല്ലാം വിശദീകരിച്ച് ശ്രീനേഷ് എംബസിക്ക് ഇ-മെയില്‍ അയക്കുകയായിരുന്നു. ജുബൈല്‍ പൊലീസ് സ്റ്റേഷനില്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തു.

ഇതോടെ കിഴക്കന്‍ പ്രവിശ്യ പൊലീസ് മേധാവി 7000 റിയാലിന്റെ ചെക്ക് കൈമാറി. ചെക്കിന് ആനുപാതികമായ തുക വൈകാതെ ശ്രീനേഷിന് എത്തിക്കുമെന്ന് എംബസി അധികൃതര്‍ അറിയിച്ചു. നഷ്ടപ്പെട്ടു എന്ന് കരുതിയ പണം വര്‍ഷങ്ങള്‍ക്കുശേഷം അവിചാരിതമായി ലഭിച്ച സന്തോഷത്തിലാണ് ശ്രീനേഷ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍