കൗൺസിലിങ്ങിന് വന്ന 17-കാരിക്ക് നേരേ ലൈംഗികാതിക്രമം; പോക്‌സോ കേസിൽ വൈദികൻ പിടിയിൽ


പത്തനംതിട്ട: പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ. പത്തനംതിട്ട കൂടൽ ഓർത്തഡോക്സ് പള്ളി വികാരിയും കൊടുമൺ സ്വദേശിയുമായ പോണ്ട്സൺ ജോണിനെയാണ് പത്തനംതിട്ട വനിതാ പോലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ വിദ്യാർഥിനിയായ 17-കാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് നടപടി. കൊടുമണിലെ വീട്ടിൽനിന്ന് വ്യാഴാഴ്ച രാവിലെയാണ് വൈദികനെ പിടികൂടിയത്.

പ്രാർഥനയ്ക്കും കൗൺസിലിങ്ങിനും എത്തിയ പെൺകുട്ടിയ്ക്ക് നേരേ വൈദികൻ ലൈംഗികാതിക്രമം നടത്തുകയും പീഡിപ്പിക്കാൻ ശ്രമിച്ചെന്നുമാണ് പരാതിയിൽ ആരോപിക്കുന്നത്. മാർച്ച് 12, 13 തീയതികളിലായിരുന്നു സംഭവം.

പഠനത്തിൽ പിന്നാക്കംനിൽക്കുന്ന പെൺകുട്ടിയെ അമ്മയാണ് വൈദികന്റെ അടുത്തെത്തിച്ചത്. പ്രാർഥനയിലൂടെയും കൗൺസിലിങ്ങിലൂടെയും പഠനത്തിൽ മികവുണ്ടാക്കാനായാണ് അമ്മ കുട്ടിയുമായി മാർച്ച് 12-ന് വൈദികന്റെ വീട്ടിലെത്തിയത്. രാത്രി 8.30-ഓടെ പ്രാർഥനയ്ക്കെത്തിയ കുട്ടിയെ വൈദികൻ വീട്ടിലെ മുറിയിലേക്ക് കൊണ്ടുപോയി. തുടർന്ന് ബലമായി ചുംബിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

പിറ്റേദിവസം പെൺകുട്ടിയുടെ വീട്ടിൽവെച്ചാണ് അതിക്രമമുണ്ടായത്. പ്രാർഥനയ്ക്കെന്ന് പറഞ്ഞ് വീട്ടിലെത്തിയ വൈദികൻ ഇവിടെവെച്ചും പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തെത്തുടർന്ന് മാനസികപ്രയാസത്തിലായ വിദ്യാർഥിനി തന്റെ സഹപാഠിയോടെയാണ് ആദ്യം പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ഇവർ സ്കൂളിലെ അധ്യാപികയെ വിവരമറിയിക്കുകയും അധ്യാപിക പോലീസിൽ പരാതി നൽകുകയുമായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍