ഏഴ് വയസുകാരിയെ പീഡിപ്പിച്ച മദ്രസാധ്യാപകന് 45 വർഷം തടവും മൂന്നുലക്ഷം പിഴയും
കാസർകോട്: ഏഴ് വയസുകാരിയെ പീഡിപ്പിച്ച കേസിൽ മദ്രസാധ്യാപകന് 45 വർഷം തടവും മൂന്ന് ലക്ഷം രൂപ പിഴയും ശിക്ഷ. കർണാടക സ്വദേശി അബ്ദുൾ മജീദ് ലത്തീഫിയെയാണ് കാസർകോട് പോക്സോ കോടതി ശിക്ഷിച്ചത്.
2016 ജനുവരിയിലാണ് കേസിന് ആസ്പദമായ സംഭവം. പരാതി ലഭിച്ചതിന് പിന്നാലെ കേസ് അന്വേഷിച്ച കാസർകോട് ടൗൺ പോലീസ് അബ്ദുൾ മജീദിനെതിരേ തെളിവുകൾ കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. ഏഴ് വയസുകാരിയായ കുട്ടിയെ മദ്രസാധ്യാപകന്റെ രൂപത്തിൽ രക്ഷിതാവിനോളം പ്രധാന്യമുള്ള ആൾ പീഡിപ്പിച്ചുവെന്നതാണ് പ്രതിക്കെതിരേയുള്ള പ്രധാന ഘടകമായി കോടതി പരിഗണിച്ചത്.
കേസിൽ 15 സാക്ഷികളെയും 14 തെളിവുകളാണ് പ്രോസിക്യൂഷൻ ഹാജരാക്കിയത്. പ്രധാന സാക്ഷികൾ ഉൾപ്പെടെ കേസിന്റെ വിചാരണ ഘട്ടത്തിൽ കൂറുമാറിയിരുന്നു. എന്നാൽ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തിൽ അബ്ദുൾ മജീദ് ലത്തീഫി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
പോക്സോ നിയമത്തിലെ 5എഫ്, 5എൽ, 5എം തുടങ്ങിയ മൂന്ന് വകുപ്പുകൾ അനുസരിച്ചാണ് കോടതി ശിക്ഷ വിധിച്ചത്. ഓരോ വകുപ്പിലും 15 വർഷം വീതമാണ് 45 വർഷത്തെ ശിക്ഷ കോടതി വിധിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍