ഫലമറിഞ്ഞു; ഇനി പിടിച്ചു നിൽക്കുമോ ഇന്ധനവില? പെട്രോൾ - ഡീസൽ നിരക്കുകൾ എത്ര രൂപയോളം ഉയരാം


ന്യൂഡല്‍ഹി: നാല് മാസത്തിലധികമായി രാജ്യത്ത് അനങ്ങാതെ പിടിച്ചുനിന്ന ഇന്ധനവില നാളെ വർധിച്ചേക്കുമെന്ന് റിപ്പോർട്ട്. ആഗോളതലത്തില്‍ അസംസ്‌കൃത എണ്ണയുടെ  വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില ലിറ്ററിന് 15 മുതല്‍ 22 രൂപ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ വില വര്‍ധിച്ച് ഈ നിലവാരത്തില്‍ എത്താനാണ് സാധ്യത. പെട്രോൾ, ഡീസൽ വില നിയന്ത്രണം എടുത്തുകളഞ്ഞിട്ടും അന്താരാഷ്ട്ര വിപണിയുമായി ഇന്ധനവിലയെ ബന്ധിപ്പിച്ചിട്ടും കഴിഞ്ഞ 124 ദിവസങ്ങളായി ഇന്ധനവില വർധിക്കാതെ പിടിച്ചുനിൽക്കുകയായിരുന്നു. ഉത്തർപ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂർ, ഉത്തരാഖണ്ഡ് എന്നിങ്ങനെ അഞ്ച് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് പൂർത്തിയാകാൻ ഉണ്ടായിരുന്നതിനാലാണ് ഇത്രയും നാൾ ഇന്ധനവില വർധിക്കാതിരുന്നത്. ഈ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തിൽ ഇന്ധനവിലയിൽ മാറ്റം വരുത്താൻ എണ്ണക്കമ്പനികൾ തയാറെടുക്കുന്നവെന്നാണ് റിപ്പോർട്ട്.

നേരത്തെ ഈ അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ ഇന്ധനവിലയിൽ വർധനവ് ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും എട്ടാം തീയതി ഇന്ധനവിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല. എന്നാലിപ്പോൾ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന സാഹചര്യത്തില്‍ നാളെ മുതല്‍ വില വര്‍ധന ഉണ്ടായേക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ 124 ദിവസമായി ഇന്ധനവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായി ഇത്രയും ദിവസം ഇന്ധനവിലയില്‍ മാറ്റമില്ലാതെ തുടരുന്നത് റെക്കോര്‍ഡാണ്.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍