കട്ടിമണി ബ്ലാസ്‌റ്റേഴ്‌സിന്റെ അന്ത്യമണിയായി; മൂന്നാമതും ഫൈനലില്‍ വീണുടഞ്ഞു പ്രതീക്ഷകള്‍
അടിക്കും തിരിച്ചടിക്കും ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ട് ദുരന്തം വീണ്ടും കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ തേടിയെത്തി. തിങ്ങിനിറഞ്ഞ ഫട്ടോര്‍ഡയിലെ ആരാധകക്കൂട്ടത്തിനു മുന്നില്‍ കേരളത്തിന്റെ പ്രതീക്ഷകള്‍ വീണ്ടും വീണുടഞ്ഞു. കട്ടിമണി എന്ന ഗോള്‍കീപ്പര്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അന്ത്യമണി മുഴക്കിയപ്പോള്‍ മൂന്നാം തവണയും ഫൈനലില്‍ കണ്ണീരണിയാനായിരുന്നു വിധി. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1 എന്ന നിലയില്‍ പിരിഞ്ഞതോടെയാണ് മത്സരം പെനാല്‍റ്റിയിലേക്കു നീങ്ങിയത്. ഷൂട്ടൗട്ടില്‍ കേരളത്തിന്റെ മൂന്നു ഷോട്ടുകള്‍ തടുത്തിട്ട കട്ടിമണി ഒറ്റയ്ക്ക് ഹൈദരാബാദിനെ കിരീടത്തിലേക്ക് എടുത്തുയര്‍ത്തുകയായിരുന്നു.
ഷൂട്ടൗട്ടില്‍ മാര്‍ക്കോ ലെസ്‌കോവിച്ച്, നിഷുകുമാര്‍, ജീക്‌സണ്‍ സിങ് എന്നീ കേരളാ താരങ്ങള്‍ക്കു പിഴച്ചപ്പോള്‍ ഹൈദരാബാദിനു വേണ്ടി ജാവോ വിക്ടര്‍, ഖാസ കമാറ, ഹാളിചരണ്‍ നര്‍സാരി എന്നിവര്‍ ലക്ഷ്യം കണ്ടു. ബ്ലാസ്‌റ്റേഴ്‌സിനായി ആയുഷ് അധികാരിക്കു മാത്രമാണ് സ്‌കോര്‍ ചെയ്യാനായത്. മറുവശത്ത് ഹാവിയര്‍ സിവേരിയോയ്ക്കു മാത്രമാണ് ഹൈദരാബാദ് നിരയില്‍ പിഴച്ചത്.
ഇന്നു ഗോവ ഫട്ടോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ 45 മിനിറ്റുകളില്‍ ഇരു ടീമുകളും കരുതല്‍ പുലര്‍ത്തിയ ശേഷമാണ് കാണികളില്‍ ആവേശത്തിന്റെ അമിട്ടുപൊട്ടിക്കുന്ന തീപ്പൊരി പോരാട്ടമായി മാറിയത്. ഹൈദരാബാദ് ആക്രമണങ്ങളോടെയാണ് മത്സരം ആരംഭിച്ചതെങ്കിലും പിന്നീട് കുറിയ പാസുകളും മികച്ച ഒത്തിണക്കവും പാലിച്ച് ബ്ലാസ്‌റ്റേഴ്‌സ് ആധിപത്യം പിടിച്ചെടുക്കുകയായിരുന്നു. പന്ത് യഥേഷ്ടം ഇരു പകുതികളിലേക്കും കയറിയിറങ്ങിയെങ്കിലും ഗോള്‍കീപ്പര്‍മാര്‍ പരീക്ഷിക്കപ്പെടുന്നത് കാണാന്‍ 39ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു.
ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തിനൊടുവില്‍ വാസ്‌ക്വസ്ഡയസ് സഖ്യത്തിന്റെ നീക്കത്തിനൊടുവില്‍ ഡയസ് തൊടുത്ത ഷോട്ട് ഹൈദരബാദ് ഗോള്‍കീപ്പര്‍ കട്ടിമാണിയെ കീഴ്‌പ്പെടുത്തിയെങ്കിലും ക്രോസ് ബാര്‍ വില്ലനായി. ഇതിനു മറുപടിയുമായി ഹൈദരബാദും ആക്രമിച്ചു കളിച്ചതോടെ ആദ്യ പകുതിയുടെ അവസാന അഞ്ചു മിനിറ്റുകള്‍ ആവേശകരമായി മാറി.
45ാം മിനിറ്റിലാണ് ഹൈദരാബാദിന് ഉജ്ജ്വല അവസരം ലഭിച്ചത്. ഹാവിയര്‍ സിവേരിയോ പോയിന്റ് ബ്ലാങ്കില്‍ നിന്നു തൊടുത്ത അത്യുജ്ജ്വല ഹെഡ്ഡര്‍ തന്റെ ശരീരം ഉപയോഗിച്ചു തടുത്ത പ്രഭ്‌സുഖന്‍ സിങ് ഗില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ സമനില തെറ്റാതെ കാത്തു. ഇടവേളയ്ക്കു 00 എന്ന നിലയില്‍ പിരിയുമ്പോഴും ഇരു ടീമുകളും വരാനിരിക്കുന്ന ആവേശപ്പോരാട്ടത്തിന്റെ സൂചന നല്‍കിയാണ് ഡഗ്ഗൗട്ടിലേക്കു മടങ്ങിയത്.
ഇടവേളയ്ക്കു ശേഷം മടങ്ങിയെത്തിയപ്പോള്‍ ഹൈദരാബാദാണ് ആദ്യം കളം നിറഞ്ഞത്. അതുവരെ ഒതുങ്ങി നിന്ന ഓഗ്ബച്ചെ തന്റെ പഴയ ടീമായ ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധനിരയ്ക്കു തലവേദന സൃഷ്ടിച്ചപ്പോള്‍ ആരാധകര്‍ക്ക് ആശങ്കയായി. എന്നാല്‍ അവരെ ആനന്ദിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു. രണ്ടാം പകുതിയുടെ 69ാം മിനിറ്റില്‍ മലയാളി താരം കെ.പി. രാഹുലാണ് തകര്‍പ്പനൊരു ഷോട്ടിലൂടെ ടീമിനെ മുന്നിലെത്തിച്ചത്. ഹൈദരാബാദ് ആക്രമണങ്ങള്‍ക്കിടെ വീണുകിട്ടിയ പന്തുമായി വലതു വിങ്ങിലൂടെ കുതിച്ചു കയറി പെനാല്‍റ്റി ബോക്‌സിനു പുറത്തു നിന്നു രാഹുല്‍ തൊടുത്ത ഒരു ലോങ് റേഞ്ചറാണ് ബ്ലാസ്‌റ്റേഴ്‌സിനു ലീഡ് സമ്മാനിച്ചത്.
ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഇലവനിലെ സ്ഥിര സാന്നിദ്ധ്യമായിരുന്ന മറ്റൊരു മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനു പകരക്കാരനായാണ് രാഹുലിന് ഇന്ന് ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചത്. കാലിനേറ്റ പരുക്കില്‍ നിന്നു മുക്തനാകാഞ്ഞതിനാലാണ് സഹലിനെ ഇന്നു പുറത്തിരുത്തിയത്. ലീഡ് നേടിയ ആത്മവിശ്വാസത്തില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ബ്ലാസ്‌റ്റേഴ്‌സിനെ വേഗതയേറിയ പ്രത്യാക്രമണങ്ങളിലൂടെ ഹൈദരാബാദ് പരീക്ഷിക്കുകയായിരുന്നു. തങ്ങളുടെ ഗോള്‍മുഖം എതിരാളികള്‍ ആക്രമിക്കുന്നത് തടയാന്‍ ഓള്‍ഔട്ട് അറ്റാക്കിന് ഇറങ്ങുകയായിരുന്നു ബ്ലാസ്‌റ്റേഴ്‌സ് ശ്രമിച്ചത്.
തുടരെത്തുടരെ ഹൈദരാബാദിനെ ആക്രമിച്ച ബ്ലാസ്‌റ്റേഴ്‌സ് 84-ാം മിനിറ്റില്‍ രണ്ടാം ഗോളിന് അരികിലെത്തിയതാണ്. ബോക്‌സിനു തൊട്ടുപുറത്തു വച്ച് ഹൈദരാബാദ് താരം ആകാശ് മിശ്ര നടത്തിയ ഫൗളിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് അഡ്രിയാന്‍ ലൂണ ഗോളിലേക്കു തൊടുത്തെങ്കിലും ഹൈദരബാദ് കീപ്പര്‍ കട്ടിമാണിയുടെ മികവിനു മുന്നില്‍ പരാജയപ്പെട്ടു. തൊട്ടുപിന്നാലെ തന്നെ ഹൈദരാബാദ് ഒപ്പമെത്തുകയും ചെയ്തു. അനുകൂലമായി ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് ഹൈദരബാദ് സമനില ഗോള്‍ കണ്ടെത്തിയത്. ഹാളിചരണ്‍ നര്‍സാരിയെടുത്ത ഫ്രീകിക്ക് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ക്ലിയര്‍ ചെയ്‌തെങ്കിലും പന്ത് പിടിച്ചെടുത്ത സാഹില്‍ ടവോര മിന്നുന്നൊരു ഹാഫ് വോളിയിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ ഞെട്ടിക്കുകയായിരുന്നു.
ശേഷിച്ച മിനിറ്റുകളില്‍ വിജയഗോളിനായി ഇരുടീമുകളും പൊരുതിയെങ്കിലും ആര്‍ക്കുമാര്‍ക്കും വലകുലുക്കാന്‍ കഴിയാതെ പോയതോടെ മത്സരം അടുത്ത 30 മിനിറ്റിലേക്കു നീങ്ങുകയായിരുന്നു. തുടര്‍ന്ന് ആധിക സമയത്തിന്റെ ആദ്യ പകുതിയും അവസരങ്ങള്‍ തുറന്നെടുത്തത് ബ്ലാസ്‌റ്റേഴ്‌സായിരുന്നു. പെരേര ഡയസിനെയും ലാല്‍താതാംഗ ഖ്വാല്‍റിങ്ങിനെയും പിന്‍വലിച്ച് പകരം ചെഞ്ചോ ഗില്‍ഷനെയും ആയുഷ് അധികാരിയെയും ഇറക്കി ആക്രമണം വര്‍ധിപ്പിക്കാനായിരുന്നു വുകുമനോവിച്ച് ശ്രമിച്ചത്.
തുടരെത്തുടരെ ആക്രമിച്ച ബ്ലാസ്‌റ്റേഴ്‌സിനു പക്ഷേ വീണ്ടും നിര്‍ഭാഗ്യം വിനയാകുന്നത് അധികസമയത്തിന്റെ ആദ്യപകുതിയില്‍ കണ്ടു. 101-ാം മിനിറ്റില്‍ അഡ്രിയാന്‍ ലൂണ നല്‍കിയ പാസില്‍ നിന്ന് ഇന്ത്യന്‍ യുവതാരം ജീക്‌സണ്‍ സിങ് തൊടുത്ത ഷോട്ടും ക്രോസ് ബാറില്‍ത്തട്ടിത്തെറിച്ചു. പിന്നാലെ അധികസമയത്തിന്റെ ആദ്യപകുതി അവസാനിക്കുകയും ചെയ്തു. തുടര്‍ന്ന് രണ്ടാം പകുതിയിലും ഹൈദരാബാദിന്റെ വേഗമേറിയ നീക്കങ്ങള്‍ കണ്ടുകൊണ്ടാണ് പുനരാരംഭിച്ചത്. മത്സരത്തിന്റെ 109-ാം മിനിറ്റില്‍ ഓഗ്ബച്ചെയുടെ ഗോള്‍ശ്രമം ഏറെ പണിപ്പെട്ടാണ് ബ്ലാസ്‌റ്റേഴ്‌സ് ഗോളി പ്രഭ്‌സുഖന്‍ ഗില്ലിനെ മറികടന്നെങ്കിലും മാര്‍ക്കോ ലെസ്‌കോവിച്ച് ഗോള്‍ലൈനില്‍ രക്ഷകനായി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍