ക്ഷേത്രോത്സവത്തിൽ മുസ്ലിം വ്യാപാരികൾക്ക് വിലക്ക്: ഹിജാബിന് പിന്നാലെ കർണാടകയിൽ പുതിയ വിവാദം
ബെംഗലൂരു: ഉഡുപ്പിയിലെ ഹൊസ മാർഗുഡി ക്ഷേത്രത്തിലെ ഉത്സവത്തിന് കടകൾ സ്ഥാപിക്കുന്നതിൽ നിന്ന് മുസ്ലീം കച്ചവടക്കാരെ വിലക്കിയതായി റിപ്പോർട്ട്. ക്ഷേത്ര ഉത്സവങ്ങളിൽ മുസ്ലീങ്ങളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കർണാടകയിൽ ഉടനീളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ, വിഷയത്തിൽ നടപടിയെടുക്കുമെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി.
ഹിന്ദു-മുസ്ലിം വ്യത്യാസമില്ലാതെയാണ് മുൻവർഷങ്ങളിലെല്ലാം ക്ഷേത്രത്തിലെ ഉത്സവത്തിന് കച്ചവടം നടത്തിയിരുന്നത്. എല്ലാ വർഷവും 100-ൽ അധികം മുസ്ലീം കച്ചവടക്കാർ ഇവിടെ സ്റ്റാളുകൾ സ്ഥാപിക്കാറുണ്ട്. എന്നാൽ ഇത്തവണ ഇത് തടഞ്ഞുകൊണ്ട് ക്ഷേത്ര അധികൃതർ രംഗത്തെത്തുകയായിരുന്നു. ചില വലതുപക്ഷ സംഘടനകളുടെ സമ്മർദ്ദം കാരണമാണിതെന്ന് ക്ഷേത്ര അധികൃതരെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.
'ഞങ്ങൾ ക്ഷേത്ര കമ്മിറ്റി അംഗങ്ങളെ പോയി കണ്ടു, ഹിന്ദുക്കൾക്ക് മാത്രമായി കച്ചവട സ്റ്റാളുകൾ ലേലം ചെയ്യാനാണ് തീരുമാനമെന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്. ഞങ്ങൾക്ക് ഇത് സമ്മതിക്കേണ്ടി വന്നു. ചില സംഘടനകളുടെ സമ്മർദ്ദം അവർക്കുമേലുണ്ട്,' ഉഡുപ്പിയിലെ വഴിയോര കച്ചവടക്കാരുടെ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് ആരിഫ് പറഞ്ഞു.
ക്ഷേത്രത്തിന്റെ കെട്ടിടങ്ങളോ സ്ഥലങ്ങളോ അഹിന്ദുക്കൾക്ക് വിട്ടുനൽകാൻ കഴിയില്ലെന്ന് എൻഡോവ്മെന്റ് ആക്ട് പറയുന്നു. എന്നിരുന്നാലും, വർഷങ്ങളായി ഹിന്ദുക്കളും മുസ്ലീങ്ങളും ഹോസ മാരിഗുഡി ക്ഷേത്രത്തിലെ മേളയിൽ സമാധാനപരമായി പങ്കെടുത്തു വരികയായിരുന്നു. അടുത്തിടെ വിവാദമുയർത്തിയ ഹിജാബ് പ്രശ്നമാകാം ചില സംഘടനകളെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.
സംസ്ഥാന നിയമസഭയിൽ വിഷയം ചർച്ചയായതോടെ നടപടിയെടുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകി. ക്ഷേത്ര മേളകളിൽ മാത്രമല്ല, തെരുവുകളിലും സ്റ്റാളുകൾ സ്ഥാപിക്കാൻ മുസ്ലീങ്ങളെ അനുവദിക്കുന്നില്ലെന്ന് കർണാടക നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവും കോൺഗ്രസ് നേതാവുമായ യു.ടി.ഖാദർ പറഞ്ഞു. എന്നാൽ ഇത്തരം ഒരു നിരോധനവും സർക്കാർ പ്രോത്സാഹിപ്പിക്കില്ലെന്ന് നിയമമന്ത്രി മധുസ്വാമി പറഞ്ഞു. ക്ഷേത്ര പരിസരത്തിന് പുറത്ത് ബാനറുകൾ സ്ഥാപിച്ചാൽ സർക്കാർ നടപടിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ ക്രമസമാധാന നില സർക്കാർ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഉറപ്പ് നൽകിയ കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര സംഭവത്തിൽ പോലീസിൽ നിന്ന് റിപ്പോർട്ട് തേടിയിരിക്കുകയാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍