ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളി ഹൈദരാബാദ്; രണ്ടാം സെമിയില്‍ ഹൈദരാബാദ് എടികെയെ തകര്‍ത്തു


രണ്ടാം സെമിയുടെ രണ്ടാം പാദത്തില്‍ വിജയം നേടിയിട്ടും എടികെ മോഹന്‍ ബഗാന് ഇത്തവണ ഐഎസ്എല്‍ ഫൈനലില്‍ എത്താന്‍ കഴിഞ്ഞില്ല. ഇരു പാദങ്ങളിലുമായി 3-2ന് ഹൈദരാബാദ് കൊല്‍കത്തയെ മറികടക്കുകയായിരുന്നു. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഹൈദരാബാദായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍.

ആദ്യ പാദത്തില്‍ എടികെയെ 3-1ന് തോല്‍പ്പിച്ച ടീമിനെ തന്നെയാണ് ഹൈദരാബാദ് കോച്ച് മനോലോ മാര്‍ക്വസ് രണ്ടാം പാദത്തിലും ഗ്രൗണ്ടിലിറക്കിയത്. ഗോള്‍ നേടാന്‍ കഴിഞ്ഞില്ലെങ്കിലും ആ തീരുമാനം വിജയിക്കുകയും ചെയ്തു. മറുവശത്ത് ഒട്ടേറെ മാറ്റങ്ങളുമായി ഗ്രൗണ്ടിലെത്തിയിട്ടും എടികെയ്ക്ക് ഒരു ഗോള്‍ കണ്ടെത്താന്‍ മത്സരത്തിന്റെ 79ാം മിനുറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 79ാം മിനുറ്റില്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ റോയ് കൃഷ്ണയാണ് എടികെയ്ക്കായി ഗോള്‍ കണ്ടെത്തിയത്.

രണ്ടാം പാദ സെമിയില്‍ മികച്ച മുന്നേറ്റങ്ങളാണ് എടികെയുടെ ഭാഗത്ത് നിന്നുണ്ടായത്. മത്സരത്തിന്റെ ആദ്യ നിമിഷം മുതല്‍ എടികെ നിരവധ തവണ ഹൈദരാബാദ് ഗോള്‍ മുഖത്ത് പറന്നെത്തിക്കൊണ്ടിരുന്നു. ഗോള്‍ എന്നുറപ്പിച്ച നിരവധി അവസരങ്ങളാണ് എടികെയുടെ പ്രബീര്‍ ദാസും ലിസ്റ്റണും റോയ് കൃഷ്ണയും ചേര്‍ന്ന് സൃഷ്ടിച്ചത്. പക്ഷേ അതെല്ലാം ഗോളാക്കാന്‍ മാത്രം കഴിഞ്ഞില്ല.

ഇനി ഈ മാസം 20ന് നടക്കുന്ന ഐഎസ്എല്‍ ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സാണ് ഹൈദരാബാദിന്റെ എതിരാളികള്‍. രണ്ട് വര്‍ഷത്തിന് ശേഷം ആദ്യമായി ഐഎസ്എല്‍ കാണാന്‍ കാണികളെത്തുന്ന മത്സരത്തില്‍ പുതിയ ഐഎസ്എല്‍ ചാമ്പ്യന്മാരായിരിക്കും പിറക്കുക.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍