രണ്ട് തവണ കുന്നത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി; ഉല്ലാസിന്റെ വീടും സ്ഥലവും ലേലത്തിന്


ഇക്കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പിലും കുന്നത്തൂര്‍ മണ്ഡലത്തില്‍ നിന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഉല്ലാസ് കോവൂരിന്റെ വീടും സ്ഥലത്തും ബാങ്ക് ലേലത്തില്‍. ശാസ്താംകോട്ട ഭൂപണയബാങ്കില്‍ നിന്നും പ്രമാണം ഈടായി നല്‍കി 5,00,000 രൂപ ഉല്ലാസ് വായ്പയെടുത്തിരുന്നു. ഈ തുക പലിശയും കൂട്ടുപലിശയുമൊക്കെയായി 12,00,000 രൂപയായി. ആകെ സമ്പാദ്യമായുള്ള വീടും സ്ഥലവും ലേലത്തിന് വെച്ചുകൊണ്ടുള്ള നോട്ടീസ് കിട്ടിയതോടെ എന്തുചെയ്യണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് ഉല്ലാസും കുടുംബവും.

വായ്പയെടുത്ത തുക കുറച്ച് തിരിച്ചടച്ചിരുന്നെങ്കിലും തെരഞ്ഞെടുപ്പ് വരുത്തിയ സാമ്പത്തിക ബാധ്യതകള്‍ കാരണം തവണ മുടങ്ങി. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി സ്വര്‍ണം പണയംവെച്ചതും ലേലം ചെയ്തുപോയി. തെരഞ്ഞെടുപ്പ് രംഗത്തിറങ്ങിയതോടെ ഉല്ലാസിന്റെ ഉണ്ടായിരുന്ന വരുമാനവും നിലക്കുകയായിരുന്നു.

കൈരളി ടി വിയില്‍ സംവിധായകനായി ജോലി ചെയ്തുവരവേ അത് രാജിവെച്ചായിരുന്നു ഉല്ലാസ് തെരഞ്ഞെടുപ്പ് രംഗത്തേക്ക് വന്നത്. ഭാര്യ സി ജി ആശ പത്രപ്രവര്‍ത്തകയായിരുന്നു. എന്നാല്‍ പാര്‍ട്ടി ഏല്‍പ്പിച്ചത് പ്രകാരം ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് അംഗമായപ്പോള്‍ ജോലി നഷ്ടപ്പെട്ടു. എന്നാല്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നതോടെ റിക്രൂട്ട്‌മെന്റ് ബോര്‍ഡിലെ അംഗങ്ങളെ പിരിച്ചുവിട്ടതോടെ ഉണ്ടായിരുന്ന ജോലിയും നഷ്ടമായി. നേരത്തെ കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ് തുക ലഭിച്ചുകൊണ്ടിരുന്നു. അത് കൊവിഡ്-19 വന്നതോടെ നിലച്ചതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍