കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തട്ടിപ്പ്; നടപടിയെടുക്കാതെ വിജിലന്‍സ്
2019 ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വൈറസ് റിസര്‍ച്ച് ആന്‍ഡ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിലേക്കായി വിവിധ ഉപകരണങ്ങള്‍ വാങ്ങിയതില്‍ ഗുരുതര ക്രമക്കേടുകളുണ്ടെന്ന പരാതി കോഴിക്കോട് വിജലന്‍സ് സംഘത്തിന് ലഭിക്കുന്നത്. ആശുപത്രിയിലെ തന്നെ ഉദ്യോഗസ്ഥരായിരുന്നു രഹസ്യമായി പരാതി നല്‍കിയത്. 2017 ല്‍ 6.92 ലക്ഷം രൂപ മുടക്കി ലാബിലേക്ക് വാങ്ങിയ നാല് തരം ടെസ്റ്റിംഗ് കിറ്റുകളെ പറ്റിയായിരുന്നു ആദ്യത്തെ പരാതി. ആര്‍എഎസ് ലൈഫ് സയന്‍സ് പ്രൈവറ്റ് ലിമിറ്റഡില്‍നിന്നാണ് കിറ്റുകള്‍ വാങ്ങിയത്. എന്നാല്‍ വിതരണം ചെയ്തതില്‍ 3 തരം കിറ്റുകളും തങ്ങള്‍ നിര്‍മ്മിച്ചതോ വിതരണം ചെയ്തതോ അല്ലെന്ന് കമ്പനി അധികൃതര്‍ തന്നെ പിന്നീട് അറിയിച്ചു. ഈ കിറ്റുകള്‍ ആര് നിര്‍മ്മിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല.
ലാബിലെക്ക് വാങ്ങിയ ഡീപ് ഫ്രീസറുകളെ പറ്റിയായിരുന്നു മറ്റൊരു പരാതി. ഇറ്റാലിയന്‍ നിര്‍മ്മിത ഡീപ് ഫ്രീസര്‍ എന്ന പേരില്‍ ഇന്ത്യന്‍ കമ്പനിയുടെ ഉപയോഗിച്ച ഫ്രീസര്‍ കൊണ്ടുവന്ന് ലാബില്‍ ഫിറ്റ് ചെയ്‌തെന്നാണ് സംശയം. 2018ലും 19ലും നടന്ന അക്കൗണ്ടന്റ് ജനറലിന്റെ പരിശോധന റിപ്പോര്‍ട്ടിലും വ്യാജ ഫ്രീസര്‍ വാങ്ങിയതിലെ ക്രമക്കേടിനെപറ്റി പറയുന്നുണ്ട്. ആശുപത്രി ആവശ്യപ്പെട്ട ഫ്രീസറല്ല കമ്പനി വിതരണം ചെയ്തതെന്നും 7 ലക്ഷം രൂപ മാത്രം വിലവരുന്ന ഫ്രീസറുകളാണ് 14 ലക്ഷം രൂപയ്ക്ക് വാങ്ങിയതെന്നും ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് ഇതുവരെ ഫ്രീസറുകളുടെ വിലയായ 14 ലക്ഷം രൂപ കമ്പനിക്ക് നല്‍കിയിട്ടില്ല. ലാബിലേക്കായി വാങ്ങിയ ഒരു കോടിയിലധികം രൂപ വിലമതിക്കുന്ന കണ്‍ഫോക്യല്‍ മൈക്രോസ്‌കോപ്പിന്റെ വിലയുടെ ആറ് ശതമാനം മുതല്‍ 26 ശതമാനം വരെ നേരത്തെ ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ കമ്മീഷനായി ആവശ്യപ്പെട്ടെന്ന ഗുരുതര ആരോപണവും പരാതിയിലുണ്ടായിരുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍