'ഡിക്രൂസുമായി പ്രണയം; സിക്സിക്ക് വഴിവിട്ട ബന്ധങ്ങൾ; ലഹരി ഇടപാട്; മറയായി കുട്ടികൾ'
കൊല്ലപ്പെട്ട നോറയുടെ പിതാവ് സജീവും അമ്മൂമ്മ സിക്സിയും ക്രിമിനൽ പശ്ചാത്തലമുള്ളവരെന്നു പൊലീസ്. ഒട്ടേറെ മോഷണ, ലഹരി മരുന്നു കേസുകളിലെ പ്രതികളാണ് ഇരുവരും. സിപ്സിക്കു വഴിവിട്ട ബന്ധങ്ങളും ഉണ്ടായിരുന്നുവെന്നാണു പൊലീസ് നൽകുന്ന വിവരം. ഇതിലുള്ള അസംതൃപ്തി മൂലമാണു താൻ സിക്സിയുമായി അകന്നതെന്നാണു കാമുകൻ ജോൺ ബിനോയ് ഡിക്രൂസ് മൊഴി കൊടുത്തിട്ടുള്ളത്.
തന്റെ ലഹരി മരുന്ന് ഇടപാടുകൾക്കു മറയായാണു സിക്സി കുട്ടികളെ ഉപയോഗിച്ചിരുന്നത്. അതിനാൽതന്നെ ഇവരുടെ യാത്രകളിൽ കുട്ടികളെയും കൂടെ കൊണ്ടുപോകും. ഹോട്ടലുകളിൽ പലർക്കുമൊപ്പം റൂമെടുത്തു താമസിക്കുമ്പോഴും കുട്ടികളെ ഒപ്പം കൂട്ടുന്നതായിരുന്നു രീതി. കാണുന്നവർക്കു സംശയം തോന്നാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇത്. ഇവരുടെ നടപടികളെ എതിർത്തിരുന്ന കുട്ടികളുടെ മാതാവ് ഡിക്സി, ഗത്യന്തരമില്ലാതെ ഭർത്താവുമൊത്തുള്ള ജീവിതം മതിയാക്കി സ്വന്തം വീട്ടിലേക്കു മടങ്ങുകയായിരുന്നു. എന്നാൽ കുട്ടികളെ ഡിക്സിക്കു വിട്ടു കൊടുത്തില്ല. ഇതേത്തുടർന്നാണു തർക്കം ഉടലെടുത്തത്.
എനിക്കു കിട്ടാതിരിക്കാൻ മനപ്പൂർവം കൊന്നു’
‘എനിക്കു കിട്ടാതിരിക്കാൻ അവർ മനഃപൂർവം കൊന്നതാണ് എന്റെ കുഞ്ഞിനെ. നാട്ടിലേക്കു വന്നാൽ അവളെ കാണില്ലെന്നു ഭർത്താവിന്റെ വീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ, കൊന്നുകളയുമെന്നു കരുതിയില്ല. കഴിഞ്ഞ 6ന് നാട്ടിൽ വരാനിരുന്നതാണ്. എന്നാൽ കഫെറ്റീരിയയിൽ ഒപ്പം ജോലി നോക്കിയിരുന്ന ആൾ നാട്ടിൽ പോയതിനാൽ അവധി കിട്ടിയില്ല. വരാൻ പറ്റിയിരുന്നെങ്കിൽ എന്റെ മകൾക്ക് ഈ ഗതി വരുമായിരുന്നില്ല’... നോറയുടെ അമ്മ ഡിക്സിയുടെ കണ്ണീരടങ്ങുന്നില്ല. മകളുടെ ചേതനയറ്റ ശരീരം കണ്ടു തളർന്നു വീണതാണു ഡിക്സി.
കുട്ടികളെ നന്നായി നോക്കാനാണു വിദേശജോലി തിരഞ്ഞെടുത്തതെന്നു ഡിക്സി പറയുന്നു. കുട്ടികളുടെ സംരക്ഷണം സംബന്ധിച്ചു താൻ ശിശുക്ഷേമസമിതിക്കു പരാതി നൽകിയിട്ടും വേണ്ട ഗൗരവത്തിൽ അന്വേഷിച്ചില്ലെന്നാണു ഡിക്സിയുടെ പരാതി. താൻ ദുബായിൽനിന്നു നാട്ടിലേക്കു വരാനുള്ള തയാറെടുപ്പിലാണെന്നു ഭർത്താവ് അറിഞ്ഞിരുന്നുവെന്നും ഭീഷണി സന്ദേശം അയച്ചിരുന്നുവെന്നും ഡിക്സി പറയുന്നു. വിദേശത്തായിരുന്നപ്പോൾ തന്റെ അമ്മ മേഴ്സിയോട് കുട്ടിയെ കിട്ടാനുള്ള വഴികൾ നോക്കാൻ പറഞ്ഞു. അമ്മ ശിശുക്ഷേമസമിതിയിൽ പരാതി നൽകി.
കുട്ടികളെ ഭർത്താവിന്റെ മാതാവ് ഹോട്ടലിലും മറ്റും കൊണ്ടു നടക്കുകയാണെന്നും കുട്ടികളെ കിട്ടണമെന്നും ശിശുക്ഷേമ സമിതിയെ അറിയിച്ചിരുന്നു. എന്നാൽ, അമ്മ വരാതെ കുട്ടിയെ വിട്ടുതരാനാവില്ലെന്ന നിലപാടാണു സമിതി അധികൃതർ സ്വീകരിച്ചത്. കുഞ്ഞിനെ രക്ഷിക്കാൻ ആരും ഉണ്ടായില്ലെന്നും ഡിക്സി പറഞ്ഞു. കുട്ടികൾ സുരക്ഷിതരല്ല എന്ന് ചൂണ്ടിക്കാട്ടി പ്രദേശത്തെ ജനപ്രതിനിധികളും ഇക്കാര്യം ചൈൽഡ് ലൈനിനോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി നടപടികൾ വൈകിയതാണ് ഇപ്പോൾ നോറയുടെ മരണത്തിന് ഇടയാക്കിയത്.
പ്രായം മറന്നു പ്രണയം; കുഞ്ഞിനെ വച്ചും ഭീഷണി
ബക്കറ്റിലെ വെള്ളത്തിൽ മുക്കി കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതി ജോൺ ബിനോയ് ഡിക്രൂസും സിക്സിയും ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നു നാട്ടുകാർ. ഇരുവരും തമ്മിലുള്ള അടുപ്പം ജോണിന്റെ വീട്ടിൽ അറിഞ്ഞതിനെത്തുടർന്നു മാതാപിതാക്കളും ജോണും തമ്മിൽ സ്വരച്ചേർച്ചയിലായിരുന്നില്ല. ദത്തെടുത്തു വളർത്തിയ മകന്റെ വഴിവിട്ട ജീവിതത്തിൽ അസംതൃപ്തരായിരുന്നു മാതാപിതാക്കൾ. എന്നാൽ, കുഞ്ഞിനെ കൊന്നശേഷം ജോൺ മാതാപിതാക്കളെ ചെന്നുകാണുകയും വിവരം പറയുകയും ചെയ്തു.
വൈകാതെ മാതാവ് കൊലപാതക വിവരം പള്ളുരുത്തി പൊലീസിനെ അറിയിച്ചു. സിപ്സിയിൽനിന്ന് അകന്നുമാറാൻ ശ്രമിച്ചതോടെ തന്നെ ഭീഷണിപ്പെടുത്തുന്നതും കള്ളക്കേസിൽ കുടുക്കുന്നതും ജോണിനെ പ്രകോപിപ്പിച്ചിരുന്നു. കൊല്ലപ്പെട്ട നോറ, ജോണിന്റെ മകളാണെന്ന് ആരോപിച്ചു ജോണിന്റെ വീട്ടിലും ജോലി സ്ഥലത്തും സിക്സിയെത്തിയിരുന്നു. ഇതാണു കുട്ടിയെ ഇല്ലാതാക്കാനുള്ള പ്രകോപനമെന്നാണു പൊലീസിന്റെ വിലയിരുത്തൽ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍