അർധരാത്രി പൂജാരിയുടെ മൈക്ക് അനൗൺസ്‌മെന്റ്, നാട്ടുകാർ ഓടിയെത്തി; ഒളിച്ചിരുന്ന കള്ളൻ പിടിയിൽ


കറ്റാനം: വാത്തികുളം പള്ളിക്കൽ നെടുങ്കയിൽ ശ്രീകുരുംബ ഭഗവതിക്കാവ് ക്ഷേത്രത്തിൽ നിലവിളക്കുകൾ കടത്താനുള്ള ശ്രമത്തിനിടെ മോഷ്ടാവ് പിടിയിൽ. ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി നന്ദനം മധുസൂദനൻപിള്ള(56)യെയാണ് നാട്ടുകാർ പിടികൂടി കുറത്തികാട് പോലീസിനു കൈമാറിയത്.

ഞായറാഴ്ച രാത്രി 12-ഓടെയാണ് സംഭവം. ക്ഷേത്രമതിൽ ചാടിക്കടന്ന് ഉപദേവതമാരുടെ ശ്രീകോവിലുകൾക്കു മുന്നിലുണ്ടായിരുന്ന നിലവിളക്കുകൾ മോഷ്ടിച്ചു ചാക്കിനുള്ളിലാക്കി.

ശബ്ദംകേട്ട് സമീപവാസിയായ പൂജാരി കണ്ണൻ ഉണർന്നു പുറത്തിറങ്ങിയപ്പോൾ ക്ഷേത്രത്തിൽ ആരോ കയറിയതായി ശ്രദ്ധയിൽപ്പെട്ടു. അവിടേക്ക് ഓടിയെത്തിയ കണ്ണനെ നിലവിളക്കുകളിട്ട ചാക്കുകൊണ്ട് മോഷ്ടാവ് അടിക്കാൻ ശ്രമിച്ചശേഷം പുറത്തേക്കിറങ്ങി ഓടി. പൂജാരി പിന്നാലെ പോയെങ്കിലും സമീപത്തുള്ള കാട്ടിൽ ഒളിച്ചതിനാൽ കണ്ടെത്താനായില്ല.

തിരികെവന്ന് മൈക്കിലൂടെ കള്ളൻ കയറിയവിവരം നാട്ടുകാരെ വിളിച്ചറിയിച്ചു. ഇതുകേട്ട് നാട്ടുകാർ ഓടിയെത്തി നടത്തിയ തിരച്ചിലിൽ സമീപത്തുള്ള വീടിന്റെ ടെറസിൽ ഒളിച്ചിരുന്ന മോഷ്ടാവിനെ പിടികൂടി.

ചാക്കിൽക്കെട്ടിയ നിലയിൽ നിലവിളക്കുകളും കണ്ടെടുത്തു. സംഭവമറിഞ്ഞയുടൻ കുറത്തികാട് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ഇയാൾ 2018-ൽ രണ്ടിലധികം മോഷണക്കേസുകളിലെ പ്രതിയാണെന്ന് കുറത്തികാട് എസ്.ഐ. സുനിമോൻ പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍