മദ്യലഹരിയിൽ മകൻ വീടിന് തീയിട്ടു, അച്ഛനും അമ്മയും ഓടിരക്ഷപ്പെട്ടു
കലവൂർ: മകൻ വീടിനു തീയിട്ടതിനെത്തുടർന്ന് അച്ഛനുമമ്മയും പ്രാണരക്ഷാർഥം ഓടിരക്ഷപ്പെട്ടു. പാതിരപ്പള്ളി സംസ്കാരികനിലയം വായനശാലയ്ക്കുസമീപം പാലച്ചിറയിൽ ഷാജിയുടെ വീടിനാണു തീപ്പിടിത്തമുണ്ടായത്. ഷാജിയുടെ മകൻ സഞ്ജു (26) മദ്യലഹരിയിൽ തീയിട്ടതാണെന്നു പോലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി 11.10-ഓടെയായിരുന്നു സംഭവം. മദ്യലഹരിയിലെത്തിയ സഞ്ജു തുണിയുപയോഗിച്ച് തീയിടുകയായിരുന്നുവെന്നു ഷാജി പറഞ്ഞു. തീ ആളിപ്പടരുന്നതു കണ്ട ഷാജി ഭാര്യയെയുംകൂട്ടി പുറത്തേക്കോടി. വീടിനകം പൂർണമായും കത്തിനശിച്ചു.
അയൽവാസികളും ആലപ്പുഴയിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും ചേർന്നാണു തീയണച്ചത്. ഇവരുടെ സമയോചിതമായ ഇടപെടലിലൂടെയാണു തീ മറ്റിടങ്ങളിലേക്കു പടരാതെ നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍