സ്വകാര്യബസുടമകളുടെ പണിമുടക്ക് ആരംഭിച്ചു

കോഴിക്കോട് :  ബസ് ചാർജ്  വര്‍ധന ആവശ്യപ്പെട്ട്  സ്വകാര്യ ബസുടമകളുടെ പണിമുടക്ക് ആരംഭിച്ചു. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ യാത്രനിരക്ക് ഒന്നില്‍നിന്ന് ആറു രൂപയാക്കുക, കിലോമീറ്റര്‍ നിരക്ക് 90 പൈസയില്‍ നിന്ന് 1.10 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബസുടമ സംയുക്ത സമിതിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല പണിമുടക്ക്. നവംബര്‍ ഒമ്പതിന് പ്രഖ്യാപിച്ച പണിമുടക്ക് മന്ത്രിയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ചര്‍ച്ചയില്‍ 10 ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് മന്ത്രി ഉറപ്പുനല്‍കിയതെങ്കിലും ഇതുവരെ നടപ്പായില്ലെന്നും ഇനി കാത്തിരുന്നും നഷ്ടത്തിലോടിയും കൂടുതല്‍ പ്രതിസന്ധിയിലാകാനില്ലെന്നുമാണ് ബസുടമകളുടെ നിലപാട്. പരീക്ഷക്കാലമായതിനാല്‍ പണിമുടക്കില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും നിരക്ക് വര്‍ധന തത്ത്വത്തില്‍ തീരുമാനിച്ചതാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു. എന്നു മുതല്‍ കൂട്ടണമെന്നേ തീരുമാനിക്കാനുള്ളൂ എന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെയാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്ക് കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സി വ്യാഴാഴ്ച മുതല്‍ അധിക സര്‍വിസുകള്‍ നടത്തും. 

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍