യാത്രക്കാരനിൽ നിന്നും രേഖകളില്ലാത്ത പണം പിടിച്ചു; എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം
കൃത്യവിലോപം കാട്ടിയ വയനാട് മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിലെ 3 ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ചെക്പോസ്റ്റിലെ പരിശോധനക്കിടെ യാത്രക്കാരനിൽ നിന്ന് രേഖകളില്ലാതെ പിടികൂടിയ പണം നടപടിക്രമങ്ങൾ പാലിക്കാതെ സൂക്ഷിച്ച സംഭവത്തിലാണ് നടപടി.
മുത്തങ്ങ ചെക്പോസ്റ്റിൽ ജോലി ചെയ്തിരുന്ന പ്രിവന്റീവ് എക്സൈസ് ഓഫീസർ പി.എ. പ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം.കെ. മൻസൂർ അലി, എം.സി. സനൂപ് എന്നിവർക്കെതിരെയാണ് നടപടി. ഈ മാസം 13ന് പുലർച്ചെ 4.30-ഓടെയാണ് ചെക്പോസ്റ്റിലെ പരിശോധനക്കിടെ ബസ് യാത്രക്കാരനിൽ നിന്നും എക്സൈസ് ഉദ്യോഗസ്ഥർ രേഖകളില്ലാത്ത പണം പിടികൂടിയത്. കർണാടക ആർ.ടി.സി. ബസ്സിലെ യാത്രക്കാരനായ ഗുണ്ടൽപേട്ട സ്വദേശിയിൽ നിന്നാണ് മതിയായ രേഖകളില്ലാതെ 9 ലക്ഷം രൂപ കണ്ടെടുത്തത്. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ ഈ പണം വാങ്ങിവെക്കുകയും രേഖകൾ ഹാജരാക്കിയാൽ തിരികെ നൽകാമെന്ന് അറിയിക്കുകയും ചെയ്തു. അന്ന് ഉച്ചയ്ക്ക് 2.15- ഓടെ യാത്രക്കാരൻ രേഖകളുമായി ചെക്പോസ്റ്റിലെ എക്സൈസ് ഓഫീസിലെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ പണം വാങ്ങിവെച്ച വിവരം മേലുദ്യോഗസ്ഥർ അറിയുന്നത്. പിന്നീട് എക്സൈസ് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിൽ ഉദ്യോഗസ്ഥരെക്കൊണ്ട് പണം എണ്ണിത്തിട്ടപ്പെടുത്തി യാത്രക്കാരന് തിരിച്ചു നൽകി.
ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾ പാലിക്കാതെയും മേലധികാരികളെ വിവരമറിയിക്കാത്തതും ഗുരുതര അച്ചടക്ക ലംഘനമായി കണ്ടാണ് വിവിധയിടങ്ങളിലേക്ക് സ്ഥലംമാറ്റിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അച്ചടക്ക നടപടി. ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ പ്രവൃത്തി എക്സൈസ് വകുപ്പിന്റെ അന്തസ്സ് പൊതുജനമധ്യേ കളങ്കപ്പെടുത്തുന്നതാണെന്ന് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. സ്ഥലംമാറ്റപ്പെട്ടവരിൽ ഒരാൾക്ക് നേരെ മുൻപും സമാനമായ ആരോപണങ്ങൾ ഉയർന്നിരുന്നു. സസ്പെൻഷന് പകരം സ്ഥലംമാറ്റത്തിലൊതുങ്ങിയത് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ബന്ധമാണെന്നും എക്സൈസിനുള്ളിൽ തന്നെ പരാതിയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍