'ചങ്ങാതിക്കൂട്ടം' വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ തര്‍ക്കം; സംഘര്‍ഷത്തില്‍ ഒരാള്‍ മരിച്ചു


അടൂര്‍: വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സിയിലായിരുന്നയാള്‍ മരിച്ചു. മാരൂര്‍ കൊടിയില്‍ രണജിത്ത് ഭവനില്‍ രണജിത്ത(43) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മാരൂര്‍ അനീഷ് ഭവനില്‍ അനിലിനെതിരെ കേസെടുത്തെങ്കിലും ഇതുവരെ പിടികൂടിയിട്ടില്ല. കഴിഞ്ഞ 27നായിരുന്നു സംഭവം. മരിച്ച രണജിത്ത് പത്ര ഏജന്റാണ്.

ചങ്ങാതിക്കൂട്ടം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചര്‍ച്ചയ്ക്കിടെ വ്യക്തിപരമായി പരാമര്‍ശത്തെ ചൊല്ലി രണജിത്തും അയല്‍വാസികളായ യുവാക്കളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതിനിടെ രണജിത്തിനെ ഫോണിലൂടെ വെല്ലുവിളിക്കുകയും ചെയ്തു. തുടര്‍ന്ന് രണജിത്തും അനിലും തമ്മില്‍ തര്‍ക്കമുണ്ടായി. രണജിത്തിനെ പിടിച്ചു തള്ളിയപ്പോള്‍ കല്ലില്‍ തലയിടിച്ചു വീണ് ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.

രണജിത്തിനെ ഉടനെതന്നെ അനിലും സംഘവും പത്തനാപുരത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കുകയും തിരികെ വീട്ടിലെത്തിക്കുകയും ചെയ്തിരുന്നു. പിന്നാലെ നില വഷളായതോടെ പുനലൂരുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാവിലെ രണജിത്ത് മരിച്ചു.

തല കല്ലില്‍ ശക്തമായി ഇടിച്ചപ്പോളുണ്ടായ മുറിവാണ് മരണകാരണമെന്ന് പോസ്റ്റ് റിപ്പോര്‍ട്ടില്‍ പറയുന്നതായി പൊലീസ് പറഞ്ഞു. രണജിത്തിന്റെ ഭാര്യ സജിനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അനിലിന്റെ പേരില്‍ പൊലീസ് കേസെടുത്തു. മക്കള്‍: ആയുഷ്, ആരവ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍