പകൽ പട്ടണത്തിൽ കറക്കം, രാത്രി ട്രാവലറിൽ പശുക്കളെ കടത്തും; ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ


പാലക്കാട്: പകൽ പട്ടണത്തിൽ കറങ്ങിനടന്ന് പശുക്കളുള്ള വീടുകൾ കണ്ടുവെച്ച് രാത്രി മോഷണം നടത്തുന്ന മൂന്നുപേർ പിടിയിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഹഫീഫ് (28), ഭാര്യ അൻസീന(25), അൻസീനയുടെ സഹോദരൻ അനസ് (27) എന്നിവരെയാണ് പാലക്കാട് ടൗൺ നോർത്ത് പോലീസ് അറസ്റ്റുചെയ്തത്. ഞായറാഴ്ച ശേഖരീപുരം ഭാഗത്ത് പശുവിനെ മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പിടിയിലായത്.

മുഹമ്മദ് ഹാഫിഫും അൻസീനയും പകൽ സ്കൂട്ടറിൽ പട്ടണത്തിലും പരിസരപ്രദേശങ്ങളിലും കറങ്ങി പശുക്കളുള്ള വീടുകൾ കണ്ടുവെക്കുകയും മറ്റുരണ്ടുപേർക്കൊപ്പം രാത്രിയെത്തി തൊഴുത്തിൽനിന്ന് പശുകളെ അഴിച്ചുകൊണ്ടുപോകുകയുമാണ് പതിവെന്ന് പോലീസ് പറയുന്നു. സ്ഥലത്തുനിന്നുമാറി നിർത്തിയിട്ട ട്രാവലറിൽ കയറ്റിയ പശുക്കളെ മഞ്ചേരി ചന്തയിൽ കൊണ്ടുപോയി വിൽക്കുകയാണെന്നും പറയുന്നു. പശുക്കളെ കടത്തിക്കൊണ്ടുപോകാനായി വാഹനം, ഇരിപ്പിടങ്ങൾ അഴിച്ചുമാറ്റി പശുക്കളെ നിർത്താൻ പാകത്തിൽ പ്രത്യേകം രൂപകല്പന ചെയ്തിരിക്കുകയാണ്.

പശുക്കളെ കാണാനില്ലെന്നു കാണിച്ച് നിരന്തരം പരാതികൾ വന്നതോടെ ടൗൺ നോർത്ത് ഇൻസ്പെക്ടർ ആർ. സുജിത്ത്കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തുകയായിരുന്നു. എസ്.ഐ.മാരായ സി.കെ. രാജേഷ്, മുജീബ്, നന്ദകുമാർ, എസ്.സി.പി.ഒ.മാരായ പി.ആർ. വിനോദ്, പ്രമോദ്, ലിജു, നൗഷാദ്, സന്തോഷ്, സി.പി.ഒ.മാരായ രതീഷ്, വസന്ത്കുമാർ, ഉണ്ണിക്കണ്ണൻ, ഷൈലി, ഷജിത എന്നിവരടങ്ങിയ സംഘമാണ് നാലുപേരെയും പിടികൂടിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍