ഭക്ഷ്യവിഷബാധ : ഹോട്ടലിൽനിന്ന് പഴകിയ ഭക്ഷണം പിടികൂടി


കൽപ്പറ്റ: വയനാട്ടിൽ എത്തിയ വിനോദ സഞ്ചാരികൾക്ക് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തെ തുടർന്ന് വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വയനാട് കമ്പളക്കാട് സ്വകാര്യ ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഇവിടെ ആരോഗവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. കൂടുതൽ പരിശോധനകൾക്കായി സംഘം സാമ്പിളുകൾ ശേഖരിച്ചു.

എന്നാൽ ഇന്നലെ പുറത്തു നിന്നെത്തിയവർ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ഹോട്ടലുടമയും മൊഴി നൽകി. ഭക്ഷ്യ വിഷബാധയെ തുടർന്ന് 18 പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരുവനന്തപുരം കിളിമാനൂർ സ്വദേശികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. 23 അംഗ വിനോദ സഞ്ചാരി സംഘത്തിൽ 18 പേർക്ക് അസ്വസ്ഥത ഉണ്ടായി. നാല് പേർക്ക് അവശത അനുഭവപ്പെട്ടു. ഭക്ഷ്യവിഷ ബാധയേറ്റത് ഈ ഹോട്ടലിൽ നിന്നാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചു. മേപ്പാടിയിലുള്ള ഹോട്ടലിൽ നിന്നും സംഘം ഭക്ഷണം കഴിച്ചിരുന്നു.

കമ്പളക്കാട് നിന്നും ഭക്ഷണം കഴിച്ചവർക്ക് മാത്രമാണ് ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതെന്നും, കമ്പളക്കാട് നിന്നും കഴിക്കാതെ മേപ്പാടിയിൽ നിന്നു മാത്രം ഭക്ഷണം കഴിച്ചവർക്ക് പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്നും സംഘാംഗങ്ങൾ പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍