പുകയില ഉപയോഗം നിർത്തണോ? ആരോഗ്യവകുപ്പ് സഹായിക്കും
കോഴിക്കോട്: പുകയില ഉപയോഗം നിർത്താൻ ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ആരോഗ്യവകുപ്പ് സഹായിക്കും. മദ്യത്തിന്റെ കാര്യത്തിൽ കുടിക്കുന്നവർക്കാണ് ആരോഗ്യപ്രശ്നങ്ങളെങ്കിൽ പുക വലിക്കുന്നവനും ശ്വസിക്കുന്നവനും ഒരുപോലെ ആപത്താണ്. ലോക പുകയിലരഹിത ദിനമായ ചൊവ്വാഴ്ച മുതൽ ജൂൺ 13 വരെ ബോധവത്കരണ പരിപാടികൾ നടത്തുകയാണ് ആരോഗ്യവകുപ്പ്.
സംസ്ഥാനത്ത് ആദ്യമായി ജില്ലയിലെ 25 ആരോഗ്യ ഉപകേന്ദ്രങ്ങളിൽ പുകവലി നിവാരണ ക്ലിനിക്കായ ‘ ബ്രേക്ക് ഓഫ് ക്ലിനിക്’ തുടങ്ങുകയാണ്. ഒരു ക്ലിനിക് മുഖേന നാലു പുകവലിക്കാരെ ഒരു വർഷത്തിനുള്ളിൽ മുക്തരാക്കുകയാണ് ലക്ഷ്യം. ഈ വർഷം അവസാനത്തോടെ ജില്ലയിൽ 100 ക്ലിനിക്കുകൾ ആരംഭിക്കും. കൗൺസിലിങ്, നിക്കോട്ടിന് ബദൽ എന്നീ സേവനങ്ങൾ നൽകും. മരുന്ന് ആവശ്യമുള്ളവർക്ക് ആരോഗ്യകേന്ദ്രങ്ങളുടെ സഹായത്തോടെ ലഭ്യമാക്കും.
ഡെന്റൽ കോളേജിൽ ‘ ടുബാകോ സിസേഷൻ ക്ലിനിക്’
ഡെന്റൽ കോളേജുകൾ, സർക്കാർ ഡെന്റൽ ക്ലിനിക്കുകൾ എന്നിവയോടുചേർന്ന് പുകവലി നിവാരണ ക്ലിനിക് (ടുബാകോ സിസേഷൻ ക്ലിനിക്) വരുന്നു.
പൊതുജന, സ്വകാര്യ പങ്കാളിത്തത്തോടെ അക്കിക്കാവ് പി.എസ്.എം. ഡെന്റൽ കോളേജിലാണ് ആദ്യത്തെ ‘ ടുബാകോ സിസേഷൻ ക്ലിനിക്’ തുടങ്ങുന്നത്.
പുകയിലവിമുക്തം 19 കോളേജുകൾ
കേന്ദ്രസർക്കാരിന്റെ ദേശീയ പുകയില നിയന്ത്രണ മാനദണ്ഡങ്ങളനുസരിച്ച് പ്രവർത്തനം പൂർത്തിയാക്കിയ ജില്ലയിലെ 19 കോളേജുകളെ പുകയിലവിമുക്ത വിദ്യാഭ്യാസ സ്ഥാപനങ്ങളായി പ്രഖ്യാപിക്കും.
പുകയിലരഹിത ദിനാചരണം
പുകയിലരഹിത ദിനാചരണം ചൊവ്വാഴ്ച തൃശ്ശൂർ സെയ്ന്റ് മേരീസ് കോളേജിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
പുകയിലരഹിത ദിനാചരണം ചൊവ്വാഴ്ച തൃശ്ശൂർ സെയ്ന്റ് മേരീസ് കോളേജിൽ ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.കെ. കുട്ടപ്പൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എൻ. സതീഷ്, ടുബാകോ കൺട്രോൾ സെൽ ജില്ലാ പ്രോഗ്രാം മാനേജർ പി.കെ. രാജു, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ സോണിയ എന്നിവർ പങ്കെടുത്തു.
