റിഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു; വീണ്ടും ഖബറടക്കി
ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വീണ്ടും ഖബറടക്കി. തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ ഇന്നലെ രാവിലെ പുറത്തെടുത്ത മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. മകളുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവ് മെഹ്നാസാണെന്നും നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും റിഫയുടെ പിതാവ് റാഷിദ് പറഞ്ഞു. രാവിലെ 10 മണിയോടെയാണ് കാക്കൂര്‍ പാവണ്ടൂരിലെ ജുമാമസ്ജിദ് ഖബറിടത്തില്‍ നിന്നും തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ഫോറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണിന്‍റെ നേതൃത്വത്തില്‍ മൃതദേഹ പരിശോധന പൂര്‍ത്തിയാക്കി. ഖബറിടത്തിന് സമീപം പ്രത്യേകം കെട്ടിമറച്ച സ്ഥലത്ത് പോസ്റ്റ്മോര്‍ട്ടം നടത്താനായിരുന്നു ആദ്യം ഉദ്ദേശിച്ചത്. എന്നാല്‍ മൃതദേഹം അധികം ജീര്‍ണ്ണിക്കാത്തതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി പോസ്റ്റ്മോര്‍ട്ടം നടത്താന്‍ തീരുമാനിച്ചു.
ഇന്നലെ ഉച്ചയ്ക്ക് രണ്ടേകാലോടെ ആരംഭിച്ച പോസ്റ്റ്മോര്‍ട്ടം വൈകിട്ട് ആറ് മണിയോടെ കഴിഞ്ഞു. മൃതദേഹം വീണ്ടും പാവണ്ടൂരിലെത്തിച്ച് ഖബറടക്കി. മാര്‍ച്ച് ഒന്നിന് ദുബായിലെ ഫ്ലാറ്റിലാണ് റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം നടത്താതെ ജന്‍മനാട്ടില്‍ എത്തിച്ച് ഖബറടക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം നടന്നെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഖബറകടക്കം നടത്തിയതെന്ന് റിഫയുടെ പിതാവ് റാഷിദ് ആരോപിച്ചു. മകളെ ഭര്‍ത്താവ് മെഹ്നാസ് നിരന്തരം ഉപദ്രവിച്ചിരുന്നതായും ദുരൂഹതകള്‍ക്ക് ഉത്തരം കണ്ടെത്തണമെന്നും റാഷിദ് പറഞ്ഞു. റിഫയുടെ മാതാപിതാക്കളുടെ പരാതില്‍ മെഹ്നാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിരുന്നു. താമരശ്ശേരി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്. റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ചില സംശയങ്ങള്‍ക്ക് ഉത്തരംതരുമെന്നാണ് പൊലീസിന്‍റെ പ്രതീക്ഷ.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍