പഴയ വാഹനമുണ്ടോ? പണി വരുന്നുണ്ട് !


പതിനഞ്ചു വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കാനുള്ള ചെലവ് കുത്തനെ ഉയരുന്നു. രാജ്യതലസ്ഥാന മേഖല (എൻസിആർ)യിലൊഴികെ റീ റജിസ്ട്രേഷനുള്ള നിരക്ക് ഏപ്രിൽ മുതൽ എട്ടിരട്ടി വരെ ഉയർത്താനാണു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നീക്കം. എൻ സി ആറിൽ 10 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കും 15 വർഷത്തിലേറെ പഴയ പെട്രോൾ വാഹനങ്ങൾക്കും റജിസ്ട്രേഷൻ പുതുക്കാൻ അനുവാദമില്ല.

15 വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങളിൽനിന്ന് ഈടാക്കുന്ന ഹരിത നികുതിയിൽ 50% വർധന വരുത്താൻ കേരള സംസ്ഥാന ബജറ്റിലും നിർദേശമുണ്ട്. എല്ലാത്തരം വാഹനങ്ങളുടെയും ഹരിത നികുതി ഉയർത്തുന്നതു വഴി പ്രതിവർഷം 10 കോടി രൂപയുടെ അധിക വരുമാനമാണു സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഡീസൽ വാഹനങ്ങളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തി, വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടായിരുന്നു കേരളം ഹരിത നികുതി നടപ്പാക്കിയത്.

600 ൽനിന്ന് 5000 ത്തിലേക്ക്

പതിനഞ്ചു വർഷം പഴക്കമുള്ള കാറുകളുടെ റജിസ്ട്രേഷൻ പുതുക്കാൻ നിലവിൽ 600 രൂപ ഈടാക്കിയിരുന്നത് 5,000 രൂപയായി ഉയർത്താനാണു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയത്തിന്റെ നിർദേശം. ഇരുചക്ര വാഹനങ്ങളുടെ റീറജിസ്ട്രേഷൻ ഫീസ് മുന്നൂറിൽനിന്ന് 1,000 രൂപയായും ഇറക്കുമതി ചെയ്ത കാറുകളുടേത് പതിനയ്യായിരത്തിൽനിന്ന് 40,000 രൂപയായും ഉയരും.

ടാക്സികൾക്ക് 7000 രൂപ

റീറജിസ്ട്രേഷൻ വൈകിയാൽ സ്വകാര്യ വാഹനങ്ങൾക്ക് പ്രതിമാസം 300 രൂപ നിരക്കിൽ പിഴയും ഈടാക്കും. വാണിജ്യ വാഹനങ്ങൾക്കാവട്ടെ പിഴ മാസം 500 രൂപയാണ്. 15 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യ വാഹനങ്ങൾക്ക് അഞ്ചു വർഷത്തേക്കു വീതമാണു റജിസ്ട്രേഷൻ പുതുക്കി നൽകുക. ഇതോടൊപ്പം പഴയ വാഹനങ്ങളുടെ ഫിറ്റ്നെസ് പരിശോധനാ നിരക്കും ഉയർത്താൻ നീക്കമുണ്ട്.

ടാക്സികൾക്ക് പരിശോധനാ ഫീസായി നിലവിൽ 1,000 രൂപ ഈടാക്കുന്നത് 7,000 രൂപയായിട്ടാണ് വർധിക്കുക. ബസ്സുകളുടെയും ട്രക്കുകളുടെയും പരിശോധനാ ഫീസ് നിലവിലെ 1,500 രൂപയിൽ നിന്ന് 12,500 രൂപയായി ഉയരും. എട്ടു വർഷത്തിലേറെ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്കാണു ഫിറ്റ്നെസ് പരിശോധന നിർബന്ധമാക്കിയിട്ടുള്ളത്.

റീ റജിസ്ട്രേഷൻ ഫീസ് കുത്തനെ ഉയർത്തുക വഴി പഴയ വാഹനങ്ങൾ ഉപേക്ഷിക്കാൻ ഉടമകളെ പ്രേരിപ്പിക്കാനാണു മന്ത്രാലയത്തിന്റെ നീക്കം. പഴയ വാഹനങ്ങൾ പൊളിക്കൽ കേന്ദ്രങ്ങൾക്കു കൈമാറി പുതിയവ നിരത്തിലിറങ്ങുന്നതോടെ പരിസരമലിനീകരണം ഗണ്യമായി കുറയുമെന്നും അധികൃതർ കരുതുന്നു.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍