ഹലാൽ ബീഫിന്റെ പേരിൽ ആക്രമണം നടത്തിയ പ്രതിയെ ജോലിയിൽനിന്ന്​ പിരിച്ചുവിട്ടു


ഹലാൽ സ്റ്റിക്കർ  പതിക്കാത്ത ബീഫ്  നൽകണമെന്നാവശ്യപ്പെട്ട് പേരാമ്പ്രയിലെ സൂപ്പർ മാർക്കറ്റ് കൈയേറി ജീവനക്കാരെ മർദിച്ച കേസിൽ അറസ്റ്റിലായ  യുവാവിനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു മേപ്പയൂർ മഠത്തുംഭാഗം പ്രണവത്തിൽ പ്രസൂണിനെയാണ് (29) ഇൻഡസ്​ മോട്ടോഴ്​സ്​ ജോലിയിൽനിന്ന്​ പിരിച്ചുവിട്ടത്.കമ്പനിയുടെ കുറ്റ്യാടി ടെറിറ്റോറിയൽ ഹെഡ് ആയിരുന്നു ഇയാൾ.  ക്രിമിനൽ കേസിൽ റിമാൻഡിലായ സാഹചര്യത്തിലാണ്​ നടപടി. പ്രതിക്കെതിരെ കമ്പനി ആഭ്യന്തര അന്വേഷണം നടത്തും.

കേസില്‍ ഒന്നാം പ്രതിയായ പ്രസൂണിനെ പേരാമ്പ്ര കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.പ്രതി ബിജെപി അനുഭാവിയാണ്. ജീവനക്കാരനെ മര്‍ദിക്കുമ്പോള്‍ പ്രതി മദ്യലഹരിയില്‍ ആയിരുന്നെന്ന് പോലീസ് പറഞ്ഞു.

ഞായറാഴ്ച മൂ​ന്നോടെ പേരാമ്പ്ര ബാദുഷ ഹൈപ്പർ മാർക്കറ്റിൽ എത്തിയ പ്രസൂൺ ഹലാൽ സ്റ്റിക്കർ പതിക്കാത്ത ബീഫ് വേണമെന്ന് ആവശ്യപ്പെട്ടതാണ് സംഭവങ്ങളുടെ തുടക്കം. ഇത്തരം ബീഫ് ഇല്ലെന്ന് വ്യക്തമാക്കിയ ജീവനക്കാരോട് പ്രസൂണും കൂടെയുള്ള ആളും തർക്കിക്കുകയും പിന്നീട് ഫോണിൽ കൂടുതൽ ആളുകളെ വിളിച്ചുവരുത്തി ജീവനക്കാരെ മർദിക്കുകയുമായിരുന്നു.

മർദനത്തിൽ കടയിലെ നാല് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു. പ്രസൂണിനെ ജീവനക്കാരും നാട്ടുകാരും പിടിച്ച് പോലീസിലേൽപിച്ചു. കൂട്ടുപ്രതികളെ ഇനിയും അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ക്കെതിരെ ഐപിസി 308 (കുറ്റകരമായ നരഹത്യാ ശ്രമം) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

സംഭവത്തില്‍ പ്രതിഷേധിച്ച് വിവിധ സംഘടനകളുടെ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും വ്യാപാരി സംഘടനകളും ആക്രമണത്തില്‍ പ്രതിഷേധിച്ചു. ആസൂത്രിതമായി നടപ്പാക്കിയ ആക്രമണത്തിന് പിന്നിൽ സംഘ്പരിവാര്‍ ശക്തികളാണെന്ന് ഡി.വൈ.എഫ്.ഐയും യൂത്ത് ലീഗും ആരോപിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍