പോക്‌സോ കേസ്: CPM നഗരസഭാ കൗൺസിലർക്കെതിരേ കൂടുതൽ ആരോപണം, സസ്‌പെൻഡ് ചെയ്ത് പാർട്ടി

മലപ്പുറം: പോക്സോ കേസ് പ്രതിയും നഗരസഭാ കൗൺസിലറുമായ കെ.വി.ശശികുമാറിനെതിരേ കൂടുതൽ ആരോപണങ്ങളുമായി പൂർവ വിദ്യാർഥി സംഘടന. കൂടുതൽ വിദ്യാർഥികൾ ആരോപണവുമായി മുന്നോട്ടെത്തിയതായി സംഘടനാപ്രതിനിധികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സംഘടനക്കു വേണ്ടി ബീന പിള്ള, മിനി സക്കീർ എന്നിവരാണ് ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് പത്രസമ്മേളനം നടത്തിയത്.

മാർച്ചിലാണ് ശശികുമാർ സർവീസിൽ നിന്ന് വിരമിച്ചത്. ഇതറിയിച്ചുകൊണ്ട് അദ്ദേഹം സാമൂഹികമാധ്യമത്തിൽ പോസ്റ്റിട്ടിരുന്നു. അതിന് താഴെ ഒരു പൂർവ വിദ്യാർഥിനി അദ്ദേഹത്തിനെതിരേ ലൈംഗികാരോപണമുന്നയിച്ചതോടെ സംഭവം വിവാദമാവുകയായിരുന്നു. തുടർന്ന് പല വിദ്യാർഥിനികളും ഇതേ ആരോപണവുമായെത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് പൂർവ വിദ്യാർഥിസംഘടനാ പ്രതിനിധികൾ പത്രസമ്മേളനം നടത്തിയത്.

സമാനമായ അനുഭവങ്ങളുള്ള ഒട്ടേറേ പേർ തങ്ങളോട് അനുഭവങ്ങൾ പങ്കുവെച്ചിട്ടുണ്ടെന്ന് ബീനാ പിള്ള പറഞ്ഞു. അവർക്ക് നിയമപരമായ സഹായം നൽകും. പലരും അപമാനം ഭയന്ന് പുറത്തുപറയാതിരിക്കുകയായിരുന്നു. 2019-ൽ വരെ അധ്യാപകനെതിരേ പരാതിയുണ്ടായിട്ടുണ്ട്. എന്നാൽ സ്കൂൾ അധികൃതരോ മറ്റുള്ളവരോ ഗൗരവമായി എടുത്തിട്ടില്ല. ഇപ്പോൾ കൂടുതൽ വിദ്യാർഥിനികൾ തുറന്നുപറയാൻ തയ്യാറായിട്ടുണ്ട്. പോലീസ് വിശദമായി അന്വേഷിച്ചാൽ കൂടുതൽ വിവരങ്ങൾ പുറത്തു വരും. അതിനുള്ള നടപടികളുണ്ടാകണമെന്നും അവർ ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ജില്ലാ പോലീസ് സൂപ്രണ്ട്, വനിതാ കമ്മിഷൻ,മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കും സംഘടന പരാതി നൽകി. ആരോപണത്തെത്തുടർന്ന് കഴിഞ്ഞ ദിവസം ശശികുമാർ വാർഡ് അംഗത്വം രാജിവെച്ചിരുന്നു. ആരോപണത്തെത്തുടർന്ന് ശശികുമാറിനെ ബ്രാഞ്ച് അംഗത്വത്തിൽ നിന്ന് സി.പി.എം സസ്പെൻഡ് ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍