തുണിക്കടയിലെ ഗോഡൗണില്‍ യുവാവിന്റെ മൃതദേഹം; ആത്മഹത്യയെന്ന് പോലീസ്, 13 പേര്‍ കസ്റ്റഡിയില്‍

നിലമ്പൂർ: കോട്ടയ്ക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്മാന്റെ (29) മരണം ആത്മഹത്യയെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മമ്പാട് ടൗണിലെ ടെക്സ്റ്റൈൽസ് ഗോഡൗണിൽ ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് ദുരൂഹ സാഹചര്യത്തിൽ മുജീബ് റഹ്മാനെ മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇതുമായി ബന്ധപ്പെട്ട് ടെക്സ്റ്റയിൽസ് ഉടമ ഉൾപ്പെടെ 13 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘം ചേർന്ന് തട്ടിക്കൊണ്ടുവന്ന് തടങ്കലിൽ വെച്ച് മർദനം, ആത്മഹത്യാ പ്രേരണ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. ഇവരെ പോലീസ് ചോദ്യംചെയ്തുവരികയാണ്.

കിഴിശ്ശേരിയിൽ ഇൻഡസ്ട്രിയിൽ ജോലിയെടുക്കുന്ന മുജീബ് ഭാര്യ രഹനയുടെ പാണ്ടിക്കാട്ടെ വീട്ടിലായിരുന്നു താമസം. മഞ്ചേരി, നിലമ്പൂർ മേഖലകളിൽ ജോലിചെയ്തു വരികയായിരുന്ന മുജീബ്റഹ്മാൻ ഇൻഡസ്ട്രിയൽ പ്രവൃത്തിക്കായി കമ്പി വാങ്ങിയ കടയിൽ 1.5 ലക്ഷം രൂപ കൊടുക്കാനുണ്ട്.

പണം തരാമെന്നുപറഞ്ഞ കാലാവധി കഴിഞ്ഞതിനുശേഷം കടയുടമസ്ഥർ ഭാര്യവീട്ടിൽവന്ന് അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഷോപ്പിലെ ജീവനക്കാർ മുജീബിന്റെ ഭാര്യവീട്ടിലെ ഫോണിലേക്ക് മുജീബിന്റെ കൈകൾ രണ്ടും കയറുപയോഗിച്ച് കെട്ടിയ ദൃശ്യം സാമൂഹികമാധ്യമത്തിലൂടെ അയച്ചുനൽകുകയും മുജീബിനെ കിട്ടിയിട്ടുണ്ടെന്ന് അറിയിക്കുകയുംചെയ്തു. രണ്ടുദിവസം ഇവരുടെ കസ്റ്റഡിയിൽ വെച്ചതിനുശേഷം പോലീസിൽ ഏൽപ്പിക്കാനാണ് തീരുമാനമെന്ന് ഇവർ ഭാര്യവീട്ടുകാരോട് പറഞ്ഞിരുന്നു. സംഘത്തിന്റെ മർദനത്തിലാണ് മുജീബ്റഹ്മാൻ മരിച്ചതെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പ്രതികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍