തുണിക്കടയിലെ ഗോഡൗണിൽ യുവാവിന്റെ മൃതദേഹം, മർദിക്കുന്ന വീഡിയോ ഭാര്യയ്ക്ക്? ആറുപേർ കസ്റ്റഡിയിൽ


മമ്പാട്: മമ്പാട് അങ്ങാടിയിലെ തുണിക്കടയിലെ ഗോഡൗണിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തെത്തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി. ആറുപേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്.

കോട്ടയ്ക്കൽ സ്വദേശി പുലിക്കോട്ടിൽ മുജീബ് റഹ്മാനാണ് (29) മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ബന്ധുക്കൾ എത്തി മൃതദേഹം തിരിച്ചറിഞ്ഞത്. തുണികൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.

ടെക്സ്റ്റയിൽസ് ഗോഡൗണിൽ ഒരാൾ തൂങ്ങിമരിച്ചതായി ജീവനക്കാരൻ പോലീസിനെ ഫോൺ ചെയ്ത് അറിയിക്കുകയായിരുന്നു. ഇതേത്തുടർന്ന് നിലമ്പൂർ പോലീസ് ഇൻസ്പെക്ടർ പി. വിഷ്ണുവിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. ഷട്ടർ തുറന്നുനോക്കിയെങ്കിലും മൃതദേഹം കണ്ടില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ അകത്തെ മുറിയിൽ നിലത്ത് തുണികൾകൊണ്ട് മൂടിയനിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ദാസ്, ഡിവൈ.എസ്.പി.മാരായ സാജു കെ. എബ്രഹാം, കെ.എം. ബിജു എന്നിവർ സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു. ഫൊറൻസിക് വിഭാഗത്തിലെ ഡോ. മിനിയുടെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. കിഴിശ്ശേരിയിൽ ഇൻഡസ്ട്രിയിൽ ജോലിയെടുക്കുന്ന മുജീബ് പാണ്ടിക്കാട്ടെ ഭാര്യവീട്ടിലാണ് താമസം. ഇൻഡസ്ട്രിയൽ പ്രവൃത്തിക്കായി കമ്പി വാങ്ങിയ കടയിൽ പണം കൊടുക്കാനുണ്ട്. ഇയാളെ ഒരു സംഘം മർദിക്കുന്ന വീഡിയോ ഇയാളുടെ ഭാര്യക്ക് ലഭിച്ചതായും സൂചനയുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍