ബസിന് മുന്നിൽനിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, അച്ഛനും അമ്മക്കും മകൾക്കും പിഴയിട്ട്


അപകടമുണ്ടാക്കുംവിധം അശ്രദ്ധമായി സ്കൂട്ടറോടിച്ചയാൾക്കെതിരേ പിഴചുമത്തി പാലക്കാട് ജില്ലാ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. കൊഴിഞ്ഞാമ്പാറ നാട്ടുകൽ വെല്ലക്കാരൻചള്ള ചെന്താമരക്കെതിരെയാണ് (65) നടപടി. ലൈസൻസില്ലാത്തതിനും ഹെൽമെറ്റ് ധരിക്കാത്തതിനുമുൾപ്പെടെയുള്ള വകുപ്പുകളിൽ ചെന്താമരയുടെ പേരിൽ 5,500 രൂപയാണ് പിഴചുമത്തിയത്. ചെന്താമരയ്ക്കൊപ്പം സ്കൂട്ടറിൽ യാത്രചെയ്തിരുന്ന ഭാര്യയുടെ പേരിൽ ഹെൽമെറ്റില്ലാത്തതിന് 500 രൂപയും പിഴയുണ്ട്. ലൈസൻസില്ലാത്തയാൾക്ക് വാഹനം നൽകിയതിന് വാഹന ഉടമയായ ചെന്താമരയുടെ മകളുടെ പേരിൽ 5,000 രൂപയും പിഴയീടാക്കി.

ഇൻഡിക്കേറ്റർ പോലും ഇടാതെ വലത്തേക്ക് വാഹനം തിരിച്ച് അപകടകരമായ രീതിയിൽ സ്കൂട്ടറോടിച്ചുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് യാത്രക്കാരനെ കണ്ടെത്തി നടപടിയെടുത്തത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ നല്ലേപ്പിള്ളി വാളറയിലാണ് സംഭവം. ഇടതുവശംചേർന്ന് പോവുകയായിരുന്ന സ്കൂട്ടർ പെട്ടെന്ന് സിഗ്നൽനൽകാതെ ബസിന് മുന്നിലൂടെ വലതുവശത്തുള്ള റോഡിലേക്ക് തിരിയുകയായിരുന്നു. തൃശ്ശൂർ-കൊഴിഞ്ഞാമ്പാറ റൂട്ടിൽ ഓടുന്ന ബസിന് മുന്നിലേക്കാണ് അശ്രദ്ധമായി ഇദ്ദേഹം സ്കൂട്ടറോടിച്ച് കയറ്റിയത്.

ബസ് ഡ്രൈവറുടെ മനസ്സാന്നിധ്യംകൊണ്ടാണ് വലിയ അപകടം ഒഴിവായത്. ബസിനകത്ത് സി.സി.ടി.വി. ക്യാമറ ഉണ്ടായിരുന്നതിനാൽ ദൃശ്യങ്ങൾ ലഭിക്കുകയും കുറ്റം ബോധ്യപ്പെടുകയും ചെയ്തു. ഇരുചക്രവാഹനങ്ങളിൽ അശ്രദ്ധമൂലം അപകടത്തിൽപ്പെടുന്നത് 40-നും 60-നും ഇടയിൽ പ്രായമുള്ളവരാണ്. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാറില്ല.

ജില്ലയിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്ന പ്രായമായ ആളുകളുടെ എണ്ണത്തിൽ വൻ വർധനയാണുള്ളത്. ഇതിനെതിരേ നടപടി സ്വീകരിക്കുമെന്ന് ജില്ലാ മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എം.കെ. ജയേഷ് കുമാർ പറഞ്ഞു. ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് എം.കെ. ജയേഷ് കുമാറിന്റെ നിർദേശപ്രകാരം എം.വി.െഎ. യു.എം. അനിൽകുമാർ, എ.എം.വി.െഎ. ആർ. ആനന്ദ് ഗോപാൽ എന്നിവരാണ് പരിശോധന നടത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍