പീഡിപ്പിച്ചശേഷം 'വിവാഹദിനത്തിൽ' യുവതിയെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചു, യുവാവ് അറസ്റ്റിൽ


തൃശ്ശൂർ : വിവാഹവാഗ്ദാനം നൽകി ഒട്ടേറെ യുവതികളെ വലയിൽ വീഴ്ത്തുകയും ഇവരിൽനിന്നും പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തശേഷം പീഡിപ്പിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. ഇടുക്കി കാഞ്ചിയാർ വെള്ളിലാംകണ്ടം ചിറയിൽവീട്ടിൽ ഷിനോജി(35)നെയാണ് ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാറും സംഘവും അറസ്റ്റ് ചെയ്തത്.

ഇരകളാക്കുന്നത് വിവാഹമോചിതരെ

ഫെയ്സ്ബുക്കിലൂടെയും മറ്റ് സാമൂഹികമാധ്യമങ്ങളിലൂടെയും ഡൈവോഴ്സ് മാട്രിമോണി ഗ്രൂപ്പുകളിൽനിന്നും വിവാഹമോചിതരായ സ്ത്രീകളെ കണ്ടെത്തിയശേഷം ഇവരെ പരിചയപ്പെട്ട്, സർക്കാർ ഉദ്യോഗസ്ഥനാണെന്നും വിവാഹം കഴിക്കാൻ തയ്യാറാണെന്നും പറഞ്ഞ് അടുത്തിടപഴകും. വിവാഹത്തീയതിയും സമയവുമൊക്കെ നിശ്ചയിച്ചതായി യുവതികളെയും ബന്ധുക്കളെയും വിശ്വസിപ്പിക്കും. ഇതിനുശേഷം യുവതികളെ ഏതെങ്കിലും സ്ഥലത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയും പണവും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.

വിവാഹമോചിതയായ പാലക്കാട് സ്വദേശിനിയായ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി തിങ്കളാഴ്ച തൃശ്ശൂരിലേക്ക് വിളിച്ചുവരുത്തിയതാണ് അറസ്റ്റിലേക്ക് നയിച്ചത്. പിറ്റേന്ന് ഗുരുവായൂരിൽ പോയി വിവാഹം നടത്താമെന്ന് ഉറപ്പുനൽകിയശേഷം തൃശ്ശൂരിലെ ലോഡ്ജിൽ മുറിയെടുത്ത് പീഡിപ്പിച്ചു. പിറ്റേന്ന് രാവിലെ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിനു സമീപം സ്ത്രീയെ നിർത്തി മുങ്ങുകയും ചെയ്തു. സ്ത്രീ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്.

തൃശ്ശൂർ സ്വദേശിയായ യുവതിക്ക് വിവാഹവാഗ്ദാനം നൽകി അവരുടെ പേരിൽ വാങ്ങിയ ഒരു സ്കൂട്ടർ ഇയാൾ തട്ടിയെടുത്ത് ഉപയോഗിച്ചുവരുകയായിരുന്നു. ഇയാളെ അറസ്റ്റുചെയ്ത വിവരമറിഞ്ഞ് ഒട്ടേറെ സ്ത്രീകൾ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് ബന്ധപ്പെട്ടുവരുന്നുണ്ട്.ഒരു

ഇനിയും ഒട്ടേറെപ്പേർ പരാതിയുമായി എത്താൻ സാധ്യതയുള്ളതായി ഈസ്റ്റ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. ലാൽകുമാർ അറിയിച്ചു. ഇയാളുടെ ടെലിഫോൺ രേഖകൾ പരിശോധിച്ചതിൽനിന്ന് ഒരുപാട് സ്ത്രീകളെ ഇയാൾ ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

സീനിയർ സിവിൽ പോലീസ് ഓഫീസർ ദുർഗാലക്ഷ്മി, സിവിൽ പോലീസ് ഓഫീസർ ഹരീഷ്, സൈബർ സെൽ സിവിൽ പോലീസ് ഓഫീസർമാരായ കെ.ജി. മിഥുൻ, കെ.എസ്. നിധിൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.

ഉണ്ണിമോനാണത്രേ...ഉണ്ണിമോൻ...

അരുൺ ശശി എന്ന വിലാസത്തിലാണ് ഷിനോജ് ഫെയ്സ്ബുക്കിൽ അറിയപ്പെടുന്നത്. പരിചയപ്പെടുന്ന സ്ത്രീകളോട് ഉണ്ണിമോൻ എന്നാണ് പരിചയപ്പെടുത്തുന്നത്. യഥാർത്ഥപേരും വിലാസവും ആരോടും വെളിപ്പെടുത്തിയിരുന്നില്ല. പത്തുമാസം പ്രായമായ ഒരു കുട്ടിയുടെ അച്ഛനും വിവാഹബന്ധം വേർപെടുത്തിയയാളുമാണ് ഷിനോജ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍