താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ തെറ്റായ നടപടികൾക്കെതിരെ എൽഡിഎഫ് പ്രക്ഷോഭത്തിലേക്ക്.
താമരശ്ശേരി: താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ വികസന മുരടിപ്പ് അവസാനിപ്പിക്കുക, ഏകപക്ഷീയ ഭരണ നടപടികൾ അവസാനിപ്പിക്കുക, സർക്കാർ തീരുമാനങ്ങൾ അട്ടിമറിക്കുന്ന നടപടി ഉപേക്ഷിക്കുക, എൽ ഡി എഫ് മെമ്പർമാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, നാലു സെൻറ്, ലക്ഷം വീട് പട്ടികജാതി, പട്ടികവർഗ്ഗ, മിച്ചഭൂമി കോളനികളുടെ ശോച്യാവസ്ഥ പരിഹരിക്കുക, താമരശ്ശേരി പട്ടണത്തിലെ ഗതാഗത കുരുക്ക് രൂക്ഷ മാവുന്ന നിലയിൽ പഴയ സ്റ്റാൻ്റിൽ ഷോപ്പിംഗ് മാൾ നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൻ്റെ വാടക 1169 രൂപയിൽ നിന്നും 3000 രൂപയാക്കി വർദ്ധിപ്പിച്ച തീരുമാനം പിൻവലിക്കുക, തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിലെ വിവേചനം തിരുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തി ജൂൺ മാസം ഇരുപതാം തിയ്യതി എൽ എ എൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തും.
കഴിഞ്ഞ 40 വർഷം ഒരേ കക്ഷി തന്നെ പഞ്ചായത്ത് ഭരണം കയ്യാളിയിട്ടും ചൂണ്ടിക്കാണിക്കാനും, എടുത്ത് പറയാനും കഴിയത്തക്ക നിലയിലുള്ള ഒരു വികസനവും നടന്നിട്ടില്ലെന്നും, കഴിഞ്ഞ ഒരു വർഷത്തിലേറെയായി പുതുതായി ഒരു പ്രവർത്തനവും നടത്തിയിട്ടില്ലെന്നും LDF നേതാക്കൾ ആരോപിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനവും, അതി ദരിദ്രരെ കണ്ടെത്തുന്ന പ്രവർത്തനവും തികച്ചും സർക്കാർ തീരുമാനങ്ങൾക്കും, മാനദണ്ഡങ്ങൾക്കും വിരുദ്ധമായാണ് താമരശ്ശേരിയിൽ നടപ്പിലാക്കിയത്.
LDF മെമ്പർമാരെ ഓരോ വിഷയത്തിലും അവഗണിക്കുകയാണ്. സ്ട്രീറ്റ് ലൈറ്റ് സ്ഥാപിക്കുന്നതിലൂടെ ഇത് പുറത്തു വന്നതാണ്.
ഇത്തരം പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കളിക്കുന്നു എന്നതും വ്യക്തമായതാണ് .
ദുർബല ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ലക്ഷം വീടുകൾ, നാലു സെൻറ് കോളനികൾ, മിച്ചഭൂമി കോളനികൾ, ഇവിടങ്ങളിൽ കഴിയുന്നവർ നരകയാതനകൾ അനുഭവിക്കുകയാണ്.
കേരളാ പഞ്ചായത്ത് രാജ് ആക്ടിന് വിരുദ്ധമായും, സർക്കാർ തീരുമാനങ്ങൾക്ക് എതിരെയും, വോട്ടു നൽകി അധികാരത്തിൽ എത്തിച്ച ജന ങ്ങളെ വഞ്ചിച്ചുമാണ് ഭരണസമിതി മുന്നോട്ട് പോകുന്നത്.
പഞ്ചായത്തിലെ മുഴുവൻ ജനങ്ങളേയും ചേർത്ത് പിടിച്ചും, ആശ്വാസമേകിയും, മുന്നോട്ട് പോകേണ്ട ഭരണ സമിതി ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്നതിനാലാണ് LDF സമര രംഗത്ത് ഇറങ്ങുന്നതെന്ന് നേതാക്കൾ പറഞ്ഞു.
സമര പ്രചരണാർത്ഥം ജൂൺ 18ന് പത്തൊൻപത് വാർഡുകളിലും വാഹന പ്രചരണ ജാഥ നടക്കും.
താമരശ്ശേരി പ്രസ്സ് ഫോറം മീഡിയാ ക്ലബിൽ നടന്ന വാർത്താ സമ്മേളനത്തിൽ വാർഡ് മെമ്പർമാരായ എ.പി സജിത്, എ പി മുസ്തഫ, രാഷ്ടീയകക്ഷി നേതാക്കളായ ടി.കെ അരവിന്ദാക്ഷൻ, കണ്ടിയിൽ മുഹമ്മദ്, സുബീഷ് എ എസ്, പി സി അബുൾ റഹീം, കെ കെ കുര്യൻ എന്നിവർ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍