കാറിൽ വിവാഹത്തെച്ചൊല്ലി തർക്കം; ബലമായി ഇറക്കി; തൂങ്ങിപ്പിടിച്ച് യുവതി; വലിച്ചിഴച്ചു


തൃശൂര്‍ കുന്നംകുളത്ത് ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് യുവതിയെ തള്ളിയിട്ട കാമുകന്‍ അറസ്റ്റില്‍. ഒന്‍പതര ഗ്രാം എം.ഡി.എം.എയും കാമുകന്റെ പക്കല്‍ നിന്ന് കണ്ടെടുത്തു. യുവതി തലയ്ക്കു പരുക്കേറ്റ് ചികില്‍സയിലാണ്.

ഭര്‍ത്താവിനേയും രണ്ടു മക്കളേയും ഉപേക്ഷിച്ച യുവതി കാമുകനോടൊപ്പം ഇറങ്ങി വന്നത് ഇരുപതു ദിവസം മുമ്പായിരുന്നു. ഗുരുവായൂര്‍ കാവീട് സ്വദേശിയായ അര്‍ഷാദായിരുന്നു കാമുകന്‍. ഇരുവരും ഒന്നിച്ചായിരുന്നു താമസം. സുഹൃത്തിന്റെ കാറില്‍ ഇരുവരും ഒന്നിച്ചു യാത്ര ചെയ്യുന്നതിനിെട വഴക്കുണ്ടായി. അര്‍ഷാദ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയതായിരുന്നു വഴക്കിനു കാരണം. കാര്‍ നിര്‍ത്തി യുവതിയെ ബലമായി ഇറക്കിവിട്ടു.

യുവതിയാകട്ടെ വീണ്ടും കാറില്‍ കയറാന്‍ ശ്രമിച്ചു. കാറിന്‍റെ വിന്‍ഡോയില്‍ പിടിച്ചു തൂങ്ങിയ നിലയില്‍ നൂറുമീറ്ററോളം യുവതിയെ വലിച്ചിഴച്ചു. കാര്‍ മുന്നോട്ടും പുറകോട്ടും വേഗത്തിലെടുത്തതോടെ നിയന്ത്രണംവിട്ട് യുവതി നിലത്തു വീണു. തലയ്ക്കു പരുക്കേറ്റു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സിയിലാണ്. അര്‍ഷാദിനെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന ആളാണ് അര്‍ഷാദെന്ന് പൊലീസ് പറഞ്ഞു. ഒന്‍പതര ഗ്രാം എം.ഡി.എം.എയും പൊലീസ് കണ്ടെടുത്തു. വധശ്രമത്തിനും ലഹരി കൈവശം വച്ചതിനും കുന്നംകുളം പൊലീസ് വെവ്വേറെ കേസുകള്‍ റജിസ്റ്റര്‍ ചെയ്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍