തിരുവനന്തപുരം
മന്ത്രി സജി ചെറിയാൻ രാജിവെച്ചു
തിരുവനന്തപുരം: ഭരണഘടനയ്ക്കെതിരെ വിവാദ പരാമർശം നടത്തി പുലിവാൽ പിടിച്ച മന്ത്രി സജി ചെറിയാൻ ഒടുവിൽ രാജിവെച്ചു. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിർദേശ പ്രകാരമാണ് രാജി.
മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം പങ്കെടുത്ത സിപിഎം അവയ്ലബിൾ സെക്രട്ടേറിയറ്റ് നേരത്തെ ചേർന്നിരുന്നുവെങ്കിലും രാജിവെക്കുന്നില്ലെന്നായിരുന്നു യോഗത്തിന് ശേഷം ഇറങ്ങി വന്ന സജി ചെറിയാൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ ഉചിതമായ നടപടിയുണ്ടാകുമെന്നായിരുന്നു ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. നാളെ സമ്പൂർണ സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം രാജിയുണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ രാജിവെക്കുകയായിരുന്നു.
കോടതികളിൽ നിന്ന് തീരുമാനങ്ങൾ വരുന്നത് വരെ സജി ചെറിയാൻ മന്ത്രിസഭയിൽ നിന്ന് മാറിനിൽക്കട്ടെ എന്ന് സിപിഐ അടക്കമുള്ള എൽഡിഎഫ് ഘടകക്ഷികളും തീരുമാനമെടുത്തിരുന്നു.
ബ്രിട്ടീഷുകാർ പറഞ്ഞത് ഇന്ത്യക്കാർ എഴുതിവെച്ചതാണ് ഇന്ത്യൻ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമർശങ്ങളാണ് സജി ചെറിയാൻ നടത്തിയത്. ഭരണഘടനയെ തള്ളി പറഞ്ഞ മന്ത്രിക്ക് രാജിവെക്കുകയല്ലാതെ മറ്റുവഴികളില്ലെന്ന് നിയമവിദഗ്ദ്ധരടക്കം വ്യക്തമാക്കിയ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം സജി ചെറിയാനോട് രാജി ആവശ്യപ്പെട്ടത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍