ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ അല്ല'; പ്രതികൂട്ടില്‍ കോണ്‍ഗ്രസ്

25 എസ്എഫ്‌ഐ പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം വെെകുന്നേരം 3.59 ഓടെ പൊലീസ് ഫോട്ടോഗ്രാഫര്‍ പകർത്തിയ ചിത്രം

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്‌ഐ പ്രവര്‍ത്തകരല്ലെന്ന് പൊലീസ് കണ്ടെത്തല്‍. വയനാട് എസ്പിയുടെ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. പൊലീസ് ഫോട്ടോഗ്രാഫറുടെ ചിത്രവും മൊഴിയും അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട്. ഒടുവില്‍ സംഭവത്തില്‍ യുഡിഎഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികൂട്ടിലാവുന്ന സാഹചര്യമാണ്. ഓഫീസ് ആക്രമണത്തില്‍ പൊലീസിന് വീഴ്ച്ചയുണ്ടായെന്നും കല്‍പ്പറ്റ ഡിവൈഎസ്പിക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്നും ഡിവൈഎസ്പി ശുപാര്‍ശ ചെയ്തു.

രാഹുല്‍ഗാന്ധിയുടെ ഓഫീസില്‍ പ്രവേശിച്ച 25 എസ്എഫ്‌ഐ പ്രവര്‍ത്തരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയ ശേഷം വെെകുന്നേരം 3.59 ഓടെ പൊലീസ് ഫോട്ടോഗ്രാഫര്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നു. രാഹുല്‍ഗാന്ധിയുടെ കസേരയില്‍ വാഴവെച്ചതിലും മറ്റ് ആക്രമണ സംഭവങ്ങളിലും തെളിവ് ശേഖരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ചിത്രമെടുത്തത്. ഈ ചിത്രങ്ങളില്‍ ഗാന്ധി ചിത്രം ചുമരില്‍ തന്നെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അക്രമ സംഭവത്തിന് ശേഷമാണ് യുഡിഎഫ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് പ്രവേശിച്ചത്. ആ ഘട്ടത്തില്‍ ഫോട്ടോഗ്രാഫര്‍ കെട്ടിടത്തിന്റെ താഴത്തെ നിലയിലേക്ക് വരികയായിരുന്നു. പിന്നീട് തിരിച്ചെത്തി 4-30 ന് പകര്‍ത്തിയ ചിത്രത്തില്‍ ഗാന്ധി ചിത്രം നിലത്ത് കിടക്കുകയായിരുന്നുവെന്നും പറയുന്നു. ആ ഘട്ടത്തില്‍ യുഡിഎഫ് പ്രവര്‍ത്തകരായിരുന്നു അവിടെയുണ്ടായിരുന്നത്. സമരക്കാരെയെല്ലാം മാറ്റിയിരുന്നു. അതിന് ശേഷം അവിടെയെത്തിയിട്ടുള്ള മറ്റാരോ ആണ് ഗാന്ധി ചിത്രം തകര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്.
ആദ്യഘട്ടം മുതല്‍ സിപിഐഎം നേതാക്കള്‍ ഉന്നയിച്ച വാദമാണിത്. വാര്‍ത്താ ചാനലുകളിലെ ദൃശ്യങ്ങള്‍ ഉദ്ധരിച്ചുകൊണ്ടായിരുന്നു സിപിഐഎമ്മിന്റെ വാദം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍