എകെജി സെന്റര്‍ ആക്രമണം: ജിതിന്‍ വധശ്രമക്കേസുകളില്‍ പ്രതി, 2017ല്‍ കഞ്ചാവ് കേസിലും
എകെജി സെന്റര്‍ ആക്രമണക്കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്റെ പേരില്‍ വധശ്രമം അടക്കം നിരവധി കേസുകള്‍. 2016, 2019 വര്‍ഷങ്ങളില്‍ എസ്എഫ്ഐ കഴക്കൂട്ടം ഏരിയ പ്രസിഡന്റ് ആദര്‍ശിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസിലും 2016ല്‍ ഡിവൈഎഫ്ഐ കൊലത്തുകര യൂണിറ്റ് പ്രസിഡന്റ് ആര്‍ ബി ഷായെ ആക്രമിച്ചതിനും ജിതിനെതിരെ കേസുണ്ട്. 2017ല്‍ കഞ്ചാവ് കേസിലും ജിതിനെ അറസ്റ്റ് ചെയ്തിരുന്നു.
2013ല്‍ കുളത്തൂര്‍ സ്വദേശികളായ യുവാക്കള്‍ ആത്മഹത്യ ചെയ്തതിന് കാരണക്കാരനും ജിതിനാണെന്ന ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. കുളത്തൂര്‍ സ്വദേശികളായ ശ്രീജിത്തും നിധീഷും ആത്മഹത്യ ചെയ്തതിന്റെ കാരണക്കാരന്‍ ജിതിനാണെന്നാണ് ആരോപണം. കുളത്തൂര്‍ ജംഗ്ഷനില്‍ വച്ച് ജിതിനും സംഘവും ഇരുവരെയും മര്‍ദിച്ചിരുന്നു. പിന്നാലെ തന്റെ മാലയും പണവും യുവാക്കള്‍ മോഷ്ടിച്ചെന്ന പരാതിയും ജിതിന്‍ നല്‍കി. ഇതില്‍ മനംനൊന്താണ് ശ്രീജിത്തും നിധീഷും ആത്മഹത്യ ചെയ്തതെന്നാണ് ആരോപണം.
അതേസമയം, താന്‍ എകെജി സെന്ററിന് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നാണ് ജിതിന്‍ പറയുന്നത്. കുറ്റം ചെയ്തിട്ടില്ല. പൊലീസ് ബലം പ്രയോഗിച്ച് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. ഇന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു ജിതിന്റെ പ്രതികരണം.
''കുറ്റം സമ്മതിച്ചിട്ടില്ല. പൊലീസ് ഭീഷണിപ്പെടുത്തി. കഞ്ചാവ് കേസില്‍ കുടുക്കുമെന്നും കൂടെയുള്ളവരെയുള്‍പ്പെടെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി.''-ജിതിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് എകെജി സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പിടിയിലായത്. ആറ്റിപ്ര മണ്ഡലം പ്രസിഡണ്ടാണ് ജിതിന്‍. വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ജിതിന്‍ കുറ്റം സമ്മതിച്ചെന്നാണ് അന്വേഷണസംഘം അറിയിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍