എ.കെ.ജി സെന്റർ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവ് പിടിയിൽ
തിരുവനന്തപുരം: എകെജി സെന്റർ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം മൺവിള സ്വദേശിയായ യൂത്ത് കോൺഗ്രസ് നേതാവ് ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്..
ആറ്റിപ്ര യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റാണ് പിടിയിലായ ജിതിൻ. ഇയാളെ കവടിയാറിൽ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യംചെയ്ത് വരുകയാണ്. ഏറെ വിവാദമായ കേസിൽ രണ്ട് മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസിലെ പ്രതിയെ പോലീസ് പിടികൂടിയത്.
ജിതിനാണ് എകെജെ സെന്ററിന് നേരേ സ്ഫോടക വസ്തു എറിഞ്ഞതെന്ന് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. അതേസമയം, ഇയാളുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല.
ജൂൺ 30ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്. പോലീസ് പ്രത്യേക അന്വേഷ സംഘം രൂപീകരിച്ച് ഒരുമാസത്തിലധികം അന്വേഷിച്ചിട്ടും കേസിൽ യാതൊരു തുമ്പും കിട്ടിയിരുന്നില്ല. ചുവന്ന ഡിയോ സ്കൂട്ടറിലാണ് അക്രമി എത്തിയതെന്ന വിവരം മാത്രമായിരുന്നു ആകെ കിട്ടിയത്. തുടർന്നാണ് സർക്കാർ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്. സൈബർ സെല്ലിന്റെ അടക്കം സഹായത്തോടെ വിവിധ ഘട്ടങ്ങളിലായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൈംബ്രാഞ്ച് പ്രതിയെ കണ്ടെത്തിയത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
0 അഭിപ്രായങ്ങള്‍