'ഓരോ വിദ്യാലയത്തിലും ഒരു അധ്യാപകന്‍'; ലഹരി മാഫിയക്കെതിരെ പോലീസ്


തിരുവനന്തപുരം: വിദ്യാർത്ഥികളിൽ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതിന് പദ്ധതിയുമായി പൊലീസ്. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് പുതിയ പദ്ധതിക്ക് രൂപം നൽകിയത്. മയക്കുമരുന്നിനെതിരെ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾ, സാമൂഹിക പ്രവർത്തകർ തുടങ്ങിയവരും പദ്ധതിയുടെ ഭാഗമാകും. മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾ വിപുലീകരിക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതർ അറിയിച്ചു.

പ്രവർത്തനങ്ങളിൽ താല്പര്യമുള്ള ഒരു അധ്യാപകനെ വീതം എല്ലാ വിദ്യാലയങ്ങളിൽ നിന്നും തെരഞ്ഞെടുത്ത് രണ്ടു ദിവസത്തെ പരിശീലനം നൽകും. യോദ്ധാവ് എന്നറിയപ്പെടുന്ന അധ്യാപകരുടെ യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മാസത്തിലൊരിക്കൽ വിളിച്ചു ചേർക്കും. നാർക്കോട്ടിക് സെല്ലിന്റെ ചുമതലയുള്ള ഡിവൈഎസ്പി ആണ് പദ്ധതിയുടെ നോഡൽ ഓഫീസർ. ജനമൈത്രി വിഭാഗത്തിലെ പൊലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ പരിശീലനം നൽകും. ആയിരം സ്കൂളുകളിലെ ബോധവത്ക്കരണ പ്രവർത്തനങ്ങൾക്ക് 88,000 സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ സേവനം വിനിയോഗിക്കും.

ജനമൈത്രി പോലീസിന്റെ സഹായത്തോടെ റസിഡൻസ് അസോസിയേഷനുകളിൽ ആന്റി നർക്കോട്ടിക് ക്ലബുകൾ രൂപീകരിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ ബോധവൽക്കരണത്തിനായി ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിക്കും. സൈക്കിൾ റാലി, വാക്കത്തോൺ, മാരത്തോൺ എന്നിവയിലൂടെയും ബോധവൽക്കരണം നടത്തും. നാടകം, ഫ്ലാഷ്മോബ്, മാജിക് എന്നിവയും ബോധവൽക്കരണത്തിന്റെ ഭാ​ഗമായി സംഘടിപ്പിക്കും. വിവിധ സന്നദ്ധസംഘടനകൾ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉൾപ്പെടെ ആരോ​ഗ്യ മേഖലയിൽ നിന്നും സഹായം തേടുമെന്നും പൊലീസ് അറിയിച്ചു.

മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങൾ സ്വകാര്യമായി പങ്കു വെക്കാനായി ഒരു ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തും. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ വ്യാപിപ്പിക്കും. ബസ്, ട്രെയിൻ മാറ്റുവാഹനങ്ങൾ എന്നിവയിലൂടെ മയക്കുമരുന്ന് കടത്തുന്നത് കണ്ടെത്താനായി പൊലീസ് നായ്ക്കളെ ഉപയോഗിച്ച് പരിശോധന നടത്തും. മയക്കുമരുന്ന് കേസിൽ പെടുന്നവരുടെ ഡാറ്റാബേസ് തയ്യാറാക്കി എല്ലാ ഉദ്യോഗസ്ഥരുമായി പങ്കുവെയ്ക്കുമെന്നും സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍