മോദിയുടെ പിറന്നാളിന് ദക്ഷിണാഫ്രിക്കയിൽ നിന്ന് ചീറ്റപ്പുലികൾ എത്തും; ഒരുങ്ങുന്നത് ഏഴ് ഹെലിപ്പാഡുകൾ


ഭോപാൽ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനത്തിൽ ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ചീറ്റപ്പുലികൾ ഇന്ത്യയിലെത്തും. 72-ാം ജന്മദിനമായ സെപ്തംബ‍ 17-നാണ് ചീറ്റപ്പുലികൾ ഇന്ത്യയിലെത്തുക.

ഇതിനായി ചീറ്റകളെ പാർപ്പിക്കുന്ന മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിനുള്ളിലും പരിസരത്തുമായി ഏഴ് ഹെലിപ്പാഡുകൾ പണിയുന്നുണ്ട്. ജന്മദിനത്തിൽ കുനോ ദേശീയോദ്യാനം മോദി സന്ദർശിക്കുമെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ അറിയിച്ചു.

എന്നാൽ, ചീറ്റപ്പുലികളെ കൊണ്ടുവരുന്ന കാര്യത്തിൽ തങ്ങൾക്ക് ഔദ്യോഗിക അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്ന് മധ്യപ്രദേശിലെ മുഖ്യ വനപാലകൻ ജെ എസ് ചൗഹാൻ പറഞ്ഞു. ഈ മാസം തന്നെ എത്തിക്കാനുള്ള ശ്രമം പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സംഘം ചൊവ്വാഴ്ച കുനോയിലെത്തി. എന്നാൽ ചീറ്റകളെ ഇന്ത്യയിലേക്കു കയറ്റിയയക്കുന്നതു സംബന്ധിച്ചുള്ള ധാരണാപത്രത്തിൽ ദക്ഷിണാഫ്രിക്ക ഒപ്പിട്ടിട്ടില്ല. നമീബിയയിൽ ക്വാറന്റീനിലാണ് ഇന്ത്യയിലേക്കുള്ള 12 ചീറ്റകൾ.

അതേസമയം, മോദിയുടെ ജന്മദിനം ആഘോഷമാക്കാനുളള ഒരുക്കത്തിലാണ് ബിജെപി. സെപ്തംബർ 17-ന് രാജ്യ വ്യാപക പരിപാടികളാണ് പാർട്ടി നടത്താൻ പദ്ധതിയിട്ടിരിക്കുന്നത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍