വിവാഹിതയുമായി ഒളിച്ചോടി,സ്‌റ്റേഷനിലെത്തിയപ്പോൾ മനംമാറ്റം;കൈഞരമ്പ് മുറിച്ച് യുവാവിന്റെ പ്രതിഷേധം


കോഴിക്കോട് : കാണാതായ യുവതിക്കൊപ്പം കോഴിക്കോട് സിറ്റി വനിതാ പോലീസ്സ്റ്റേഷനിൽ ഹാജരായ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുവനന്തപുരം സ്വദേശിയും ഇരുപത്തിയാറുകാരിയുമായ വിവാഹിതയ്ക്കൊപ്പം എത്തിയ നിലമ്പൂർ കരുളായി സ്വദേശി അക്ബറലിയാണ് (24) പോലീസ്സ്റ്റേഷന് പുറത്ത് ബ്ലേഡ് കൊണ്ട് കൈയിന്റെ ഞരമ്പ് മുറിച്ചത്.

വെള്ളിയാഴ്ച രാത്രി ഏഴിനാണ് സംഭവം. വ്യാഴാഴ്ചമുതൽ യുവതിയെ കാണാതായതിന് തിരുവനന്തപുരം പോലീസ്സ്റ്റേഷനിൽ കേസുണ്ട്. പോലീസ് ഇവർക്കുവേണ്ടി തിരച്ചിൽ നടത്തുന്നതിനിടയിലാണ് ഇരുവരും കോഴിക്കോട് വനിതാസ്റ്റേഷനിൽ എത്തുന്നത്. തങ്ങൾ രണ്ടുപേരും ഒന്നിച്ചുജീവിക്കാൻ തീരുമാനിച്ചെന്നും പറഞ്ഞാണ് ഇവർ വനിതാസ്റ്റേഷനിലെത്തിയത്.

കാണാതായതിന് തിരുവനന്തപുരത്ത് കേസുള്ളതിനാൽ യുവതിയെ കസ്റ്റഡിയിൽവെക്കാൻ പോലീസ് തീരുമാനിച്ചു. ഇതിനിടയിൽ സ്റ്റേഷനിൽ യുവാവും യുവതിയും തമ്മിൽ വാക്കേറ്റമുണ്ടായി.

താൻ യുവാവിനൊപ്പം പോകുന്നില്ലെന്ന് അഞ്ചുവയസ്സുള്ള കുട്ടിയുടെ അമ്മയായ യുവതി പോലീസിനോട് പറഞ്ഞു. ഇതോടെ യുവാവ് കടയിൽപ്പോയി ബ്ലേഡ് വാങ്ങി കൈമുറിച്ച് സ്റ്റേഷനിൽ തിരിച്ചെത്തി. വനിതാപോലീസ് വിവരം സിറ്റി കൺട്രോൾറൂമിൽ അറിയിച്ചു. പിന്നീട് പോലീസെത്തി യുവാവിനെ ബീച്ച് ഗവ. ആശുപത്രിയിലെത്തിച്ചു. യുവാവിന്റെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

തിരുവനന്തപുരത്തുനിന്ന് വനിതാപോലീസ് എത്തിയാൽ യുവതിയെ അങ്ങോട്ട് കൊണ്ടുപോകാനാണ് തീരുമാനം. പ്രമുഖ യുവ തമിഴ്നടന്റെ ഫാൻസ് ഗ്രൂപ്പ് ഉണ്ടാക്കിയപ്പോൾ വാട്സാപ്പ് ഗ്രൂപ്പിൽ ഇരുവരും അംഗങ്ങളാവുകയും തുടർന്ന് അടുപ്പത്തിലാവുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍