ശ്രീറാം വെങ്കിട്ടരാമൻ്റെ വിടുതൽ ഹർജിയിൽ വിധി ഇന്ന്


മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ്റെയും വഫ ഫിറോസിൻ്റെയും വിടുതൽ ഹർജിയിൽ വിധി ഇന്ന്. വിചാരണ കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും വാഹന നിയമപ്രകാരമുള്ള കേസ് മാത്രമേ നിലനില്‍ക്കുള്ളുവെന്നുമാണ് ശ്രീറാമിന്റെ വാദം.

കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും തങ്ങളെ വിചാരണ കൂടാതെ കുറ്റവിമുക്തരാക്കി വിട്ടയക്കണമെന്നാണ് വിടുതൽ ഹർജികളിൽ ഇരുവരുടെയും ആവശ്യം. ഇതൊരു സാധാരണ വാഹനാപകടം മാത്രമാണ്. കെ.എം ബഷീറിനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ താന്‍ വാഹനം ഓടിച്ചിട്ടില്ലെന്നും മറ്റെല്ലാ ആരോപണങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല തുടങ്ങിയ വാദങ്ങളാണ് ശ്രീറാം പ്രധാനമായും മുന്നോട്ടുവച്ചത്.

അതേസമയം ശ്രീറാം തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പ്രോസിക്യൂഷനും വാദിച്ചു. മദ്യപിച്ചിരുവന്നുവെന്ന് തെളിയിക്കാന്‍ രക്ത സാംപിളുകള്‍ എടുക്കേണ്ടത് അത്യാവശമായിരുന്നു. എന്നാല്‍ സംഭവം നടന്ന് 10 മണിക്കൂറിന് ശേഷം മാത്രമാണ് രക്ത സാംപിള്‍ എടുക്കാന്‍ ശ്രീറാം അനുവദിച്ചത്. ഇതുതന്നെ തെളിവ് നശിപ്പിക്കാനുള്ള നീക്കമായി വിലയിരുത്തേണ്ടി വരുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

കേസില്‍ രണ്ടാം പ്രതിയായ വഫയുടെ വിടുതല്‍ ഹര്‍ജിയില്‍ നേരത്തെ തന്നെ വാദം പൂര്‍ത്തിയായതാണ്. കേസ് സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ബഷീറിന്റെ കുടുംബം ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് വിടുതല്‍ ഹര്‍ജിയുമായി ശ്രീറാം രംഗത്തെത്തിയത്. നിലവില്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍