കലിപ്പനായി കലിയൂഷ്നി, കിടിലൻ തുടക്കവുമായി ബ്ലാസ്റ്റേഴ്സ്


കൊച്ചി: നിറം മങ്ങിയ ആദ്യ പകുതിയെ നിറഞ്ഞു കളിച്ച രണ്ടാം പകുതി കൊണ്ട് നിഷ്പ്രഭമാക്കിയ കേരള ബ്ലാസ്റ്റേഴ്സിന് ഐ.എസ്‌.എല്ലിൻ്റെ പുതു സീസണിൽ ഗംഭീര തുടക്കം. ഇരട്ട ഗോളുമായി ഇവാൻ കലിയൂഷ്നിയും തകർപ്പൻ ഗോളിൽ അഡ്രിയാൻ ലൂനയും മിടുക്കുകാട്ടിയതോടെ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ മൂന്നു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് തകർത്തുവിട്ടത്.

വിരസമായിരുന്ന ആദ്യപകുതിയിൽ നിന്ന് വിഭിന്നമായി പുത്തനുണർവും ആക്രമണ വീര്യവുമുള്ള പുതിയൊരു ബ്ലാസ്റ്റേഴ്സിനെയാണ് രണ്ടാം പകുതിയിൽ കണ്ടത്. മാലപ്പടക്കം പോലെ അറ്റാക്കിങ്ങിൻ്റെ തുടർച്ചകൾ. വംഗനാടൻ ഗോൾമുഖം

ഇടതടവില്ലാതെ വിറകൊണ്ടവേളയിൽ ഏതുനിമിഷവും വലകുലുങ്ങിയേക്കാമെന്ന തോന്നലായിരുന്നു. ഗോളെന്നുറച്ച രണ്ടവസരങ്ങളിൽ ഗോളി കമൽജിത് സിങ് ഈസ്റ്റ് ബംഗാളിൻ്റെ രക്ഷകനായി. ഒരു തവണ ജീക്സൺ സിങ്ങിൻ്റേയും പിന്നാലെ ദിമിത്രിയോസിൻ്റയും നീക്കങ്ങൾ തടഞ്ഞ കമൽജിത് ലൂനയുടെ ഗോളെന്നുറച്ച നീക്കത്തിനും ധീരമായി തടയിട്ടു

എന്നാൽ, പിന്നീടങ്ങോട്ട് പിടിച്ചു നിൽക്കാൻ ബംഗാളുകാർക്കായില്ല. 72-ാം മിനിറ്റിൽ ഹർമൻ ജോത് ഖബ്ര ഉയർത്തിയ തകർപ്പൻ ഗോളിൽ ലൂന നിറ ഗാലറിയെ ആരവങ്ങളിൽ മുക്കി. ജിയാനുവിന് പകരക്കാരനായെത്തിയ കലിയൂഷ്നിയുടെ പകർന്നാട്ടമായിരുന്നു പിന്നെ. 82 ആം മിനിറ്റിൽ പന്തെടുത്ത് ബോക്സിൽ കയറി യുക്രൈൻ താരം തൊടുത്ത ഗ്രൗണ്ട് ഷോട്ടിന് കമൽജിത്തിന് മറുപടിയുണ്ടായില്ല.

85ാം മിനിറ്റിൽ അലക്സ് ലിമയിലൂടെ ഈസ്റ്റ് ബംഗാളുകാർ പ്രതീക്ഷ വെച്ചെങ്കിലും തൊട്ടടുത്ത മിനിറ്റിൽ ലൂനയുടെ കോർണർ കിക്കിൽ നിന്നു വന്ന നീക്കത്തിൽ വെടിച്ചില്ലു പോലൊരു വോളിയിൽ വീണ്ടും കലിയൂഷ്നി കരുത്തുകാട്ടി.

വിരസമായിരുന്നു ആദ്യ പകുതി. ഇരു ടീമും ആക്രമിച്ചു കയറാൻ അറച്ചുനിന്നു. കൂടുതൽ പ്രതിരോധാത്മകം ബ്ലാസ്റ്റേഴ്സ് തന്നെയായിരുന്നു. ആവേശത്തിൻ്റെ പരകോടിയിൽ ഗാലറിയിലെത്തിയ മഞ്ഞക്കുപ്പായക്കാർ പ്രിയ ടീമിൻ്റെ ചടുല നീക്കങ്ങളില്ലാതായതോടെ മൂകരായി. പന്തടക്കവും ക്രിയേറ്റിവ് നീക്കങ്ങളും അന്യം നിന്ന ആദ്യ പകുതിയിൽ ലോങ് ബാളുകളിലൂന്നിയ ശ്രമങ്ങളാണ് ബ്ലാസ്റ്റേഴ്സ് കൂടുതൽ അവലംബിച്ചത്.

കളിക്കാർക്കിടയിലെ ഒത്തിണക്കത്തിൻ്റെ അഭാവം ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സിൻ്റെ നീക്കങ്ങളിൽ മുഴച്ചു നിന്നു. ഇടവേളക്ക് പിരിയാനിരിക്കേ, കൂടുതൽ കയറിക്കളിക്കാൻ മുതിർന്ന ആതിഥേയർക്ക് രണ്ട് അവസരങ്ങൾ തുറന്നു കിട്ടിയെങ്കിലും ഗോളിലേക്കത് വഴി തുറന്നില്ല.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍