പ്രളയകാലത്ത് കേരളത്തിന് അനുവദിച്ച അരിക്ക് 205 കോടി; ഉടൻ നൽകണമെന്ന് കേന്ദ്രത്തിൻറെ അന്ത്യശാസനം
ന്യൂഡൽഹി: 2018-ൽ ഉണ്ടായ മഹാപ്രളയത്തെത്തുടർന്ന് സംസ്ഥാനത്തിന് നൽകിയ അരിയുടെ വില ഉടൻ നൽകാൻ കേരളത്തിന് കേന്ദ്രത്തിന്റെ അന്ത്യശാസനം. 205.81 കോടി രൂപ തിരിച്ചടച്ചില്ലെങ്കിൽ വരുംവർഷത്തെ എസ്.ഡി.ആർ.എഫിൽനിന്ന് തിരിച്ചുപിടിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്ന് പണം തിരിച്ചടക്കാൻ കേരളം തീരുമാനിച്ചു.
2018-ൽ ഉണ്ടായ മഹാപ്രളയത്തെത്തുടർന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ സഹായമായി അരി അനുവദിച്ചിരുന്നു. ഈ അരിയുടെ വില അടക്കാനാണ് ഇപ്പോൾ അന്ത്യശാസനം നൽകിയിരിക്കുന്നത്. നേരത്തേതന്നെ ഈ പണമടക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് നിരവധി തവണ മുന്നറിയിപ്പ് നൽകിയതാണ്. ഇതുസംബന്ധിച്ച നിരവധി കത്തിടപാടുകൾ കേന്ദ്രവും കേരളവും തമ്മിൽ നടന്നിട്ടുണ്ട്.
പണമടക്കാൻ ആവശ്യപ്പെട്ട് സംസ്ഥാനത്തിനുമേൽ എഫ്.സി.ഐ.യുടെ സമ്മർദം മുറുകിയതോടെ ഇക്കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതിയിരുന്നു. എന്നാൽ കഴിഞ്ഞ ജൂലായിൽ ഈ പണമടക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ തന്നെ കേരളത്തിന് കത്തെഴുതി.
നേരത്തേ മഹാപ്രളയകാലത്ത് നാവിക സേനയുടെയും വ്യോമസേനയുടെയും സഹായത്തിന് ചെലവായ തുക ആവശ്യപ്പെട്ട് കേന്ദ്രം കേരളത്തിന് കത്തയച്ചിരുന്നു. എന്നാൽ അന്ന് മുഖ്യമന്ത്രി പലതവണ കത്തയച്ചതിനെ തുടർന്ന് ഫീസ് ഈടാക്കുന്നതിൽനിന്ന് കേന്ദ്രം പിൻവാങ്ങി. ഇതു പരിഗണിച്ചാണ് ഇപ്രാവശ്യവും കത്തയച്ചത്. എന്നാൽ കേന്ദ്രം അന്ത്യശാസനം നൽകിയതോടെ പണമടക്കാൻ തീരുമാനിക്കുകയായിരുന്നു.
