നെയ്മര്‍ അടുത്ത മത്സരത്തിനിറങ്ങില്ല


ദോഹ: പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മര്‍ അടുത്ത മത്സരത്തിനുണ്ടാകില്ല. തിങ്കളാഴ്ച സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ നടക്കുന്ന അടുത്ത മത്സരമാണ് നെയ്മറിന് നഷ്ടമാവുക. സെര്‍ബിയക്കെതിരായ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് പരുക്കേറ്റത്.

നീരുവെച്ച കണങ്കാലുമായാണ് നെയ്മര്‍ കളം വിട്ടത്. രണ്ടാം പകുതിയില്‍ ലീഡെടുത്ത ശേഷമാണ് നെയ്മര്‍ പരുക്കേറ്റ് വീണത്. നിരവധിത്തവണ പരുക്കലട്ടിയുള്ള വലതുകാലിനാണ് ഇത്തവണയും പരുക്കേറ്റത്. മത്സരത്തില്‍ ഏഴുതവണയാണ് നെയ്മര്‍ ഫൗള്‍ ചെയ്യപ്പെട്ടത്.

നിക്കോളാ മിലെന്‍ങ്കോവിച്ചിന്റെ ടാക്കിളാണ് നെയ്മറെ പരുക്കേല്‍പ്പിച്ചത്. 2014 ലോകകപ്പില്‍ നെയ്മര്‍ പരുക്കേറ്റ് പുറത്തായതിന് പിന്നാലെ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. നെയ്മറിന്റെ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. ആശങ്ക വേണ്ടെന്നും അദ്ദേഹം കളിക്കളത്തില്‍ ഉണ്ടാകുമെന്നും പരിശീലകന്‍ ടിറ്റെ അറിയിച്ചു. എന്നാല്‍ പരുക്കിനെ സംബന്ധിച്ച് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.

പരുക്ക് ആശങ്കയുള്ളതല്ലെന്നും നെയ്മര്‍ തിരിച്ചുവരുമെന്നും സഹതാരം ലൂക്കാസ് പക്വറ്റെയും മാധ്യമങ്ങളോട് പ്രതികരിച്ചു. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു സെര്‍ബിയക്ക് മേല്‍ കാനറികളുടെ ജയം. ഇരട്ട ഗോളുകള്‍ നേടിയ റിച്ചാര്‍ലിസണ്‍ തന്നെയാണ് കളിയിലെ താരവും.