കോഴിക്കോട് കോര്‍പ്പറേഷന് 2.53 കോടി തിരികെ നല്‍കി പഞ്ചാബ് നാഷണല്‍ ബാങ്ക്; മാനേജര്‍ ഒളിവില്‍
കോഴിക്കോട്: കോര്‍പ്പറേഷനിലെ ബാങ്ക് അക്കൗണ്ട് തിരിമറിയുമായി ബന്ധപ്പെട്ട സംഭവത്തില്‍, പഞ്ചാബ് നാഷണല്‍ ബാങ്ക് പണം കോര്‍പ്പറേഷന് തിരികെ നല്‍കി. 2.53 കോടി രൂപയാണ് കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ തിരിച്ചടച്ചത്. പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കോഴിക്കോട് എരഞ്ഞിപ്പാലം ശാഖയിലെ മാനേജര്‍ റിജിലാണ് കോര്‍പ്പറേഷന്റെ ബാങ്ക് അക്കൗണ്ടില്‍ തിരിമറി നടത്തിയത്.
ലിങ്ക് റോഡില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ മനേജറായിരുന്ന സമയത്താണ് എം പി റിജില്‍ സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയത്. ഇത് സംബന്ധിച്ച് കോഴിക്കോട് കോര്‍പ്പറേഷന്‍ സെക്രട്ടറി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബാങ്ക് പണം തിരിച്ചടച്ചത്. 2.53 കോടി രൂപയുടെ തിരിമറിയാണ് നടന്നത്. സംഭവത്തിന് പിന്നാലെ റിജിലിനെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്‌പെന്റ് ചെയ്തിരുന്നു.
തിരിമറി സംബന്ധിച്ച് ബാങ്ക് ആഭ്യന്തര അന്വേഷണവും ആരംഭിച്ചു. കോര്‍ പ്പറേഷന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 13 അക്കൗണ്ടുകളാണ് ഉള്ളത്. ഇതിലെ ഒരു അക്കൗണ്ടില്‍ നിന്ന് റിജില്‍ തന്റെ അച്ഛന്റെ അക്കൗണ്ടിലേക്ക് 98 ലക്ഷത്തിലേറെ രൂപ മാറ്റിയതായാണ് ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വലിയ തിരിമറി നടന്നതായി മനസിലാവുന്നത്. സംഭവത്തില്‍ കേസ് എടുത്ത ടൗണ്‍ പൊലീസ് ലിങ്ക് റോഡിലെ ശാഖയില്‍ പരിശോധന നടത്തി .ടൗണ്‍ സി ഐ എം.വി. ബിജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
