കന്നൂട്ടിപ്പാറ സ്ക്കൂളിൽ അന്താരാഷ്ട്ര അറബിക് ദിനാഘോഷം ശ്രദ്ധേയമായി.
കട്ടിപ്പാറ : കന്നൂട്ടിപ്പാറ ഐ യു എം എൽ പി സ്ക്കൂളിൽ അന്താരാഷ്ട്ര അറബിക് ദിനാഘോഷം ഗംഭീരമായി സംഘടിപ്പിച്ചു. അറബിക്ക് കാലിഗ്രഫി, ഖുറ : ഫുട്ബോൾ നിർമ്മാണം, പോസ്റ്റർ മേക്കിങ്ങ്, അക്ഷര വൃക്ഷം മുതലായ പ്രവർത്തനങ്ങൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.
പ്രശസ്ത അറബിക് മോട്ടിവേറ്റർ ഇ എം അബ്ബാസ് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ലോകോത്തര ഭാഷയായ അറബി അതിവേഗം വളരുന്ന ഭാഷയാണെന്നും അത് എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും അദ്ദേഹം സമർത്ഥിച്ചു. പ്രധാനാധ്യാപകൻ അബുലൈസ് തേഞ്ഞിപ്പലം അധ്യക്ഷത വഹിച്ചു. വിദ്യാലയത്തിൽ സ്പോക്കൺ അറബിക്കു പ്രാധാന്യം കൊടുക്കുന്ന കർമ പദ്ധതി നടപ്പിലാക്കുമെന്നു അദ്ദേഹം പറഞ്ഞു. സ്ക്കൂളിന്റെ ചീഫ് പ്രമോട്ടറും കന്നൂട്ടിപ്പാറ വാർഡ് മെമ്പറുമായ എ കെ അബൂബക്കർ കുട്ടി മുഖ്യാതിഥിയായിരുന്നു. അറബി ഭാഷാ പഠനം പ്രോത്സാഹിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് സ്കൂളിലെ അധ്യാപിക കൂടിയായ ഐഷ സെബയുടെ അറബിക് കാലിഗ്രഫി പ്രദർശനം ജനശ്രദ്ധ പിടിച്ചുപറ്റി. കുട്ടികളുടെ കലാപരിപാടികൾ ആഘോഷത്തിന് മാറ്റുകൂട്ടി.
SRG കൺവീനർ കെ.ടി. ആരിഫ്, കോർഡിനേറ്റർ കെ.സി ശിഹാബ്, ഫൈസ് ഹമദാനി, കെ.പി. ജസീന, ദിൻഷ ദിനേഷ്, തസലീന പി.പി, ആബിദ ഗഫൂർ, സുമയ്യ പർവീൺ, ടി. ഷബീജ് മുതലായവർ പ്രസംഗിച്ചു.
