കുട്ടിയുടെ കയ്യിൽ താക്കോൽ നൽകി പുറത്ത് പോയി, രണ്ടു വയസ്സുള്ള മകൾ അകത്ത് കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാ സേന


കാഞ്ഞങ്ങാട് • കാറിനുള്ളിൽ കുടുങ്ങിയ 2 വയസ്സുകാരിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് 7.10ന് കാഞ്ഞങ്ങാട് ഷോപ്റിക്സിന് മുൻപിൽ ആണ് സംഭവം. റാഷിദ് പള്ളിക്കരയുടെ രണ്ടു വയസ്സുള്ള മകൾ ആണ് കാറിന്റെ അകത്ത് കുടുങ്ങിയത്. കുട്ടി കരയുന്നതിനാൽ താക്കോൽ നൽകി ഇദ്ദേഹം പുറത്ത് പോയ നേരത്ത് കാറിന്റെ ലോക്ക് വീഴുകയായിരുന്നു. കുട്ടിയുടെ കയ്യിൽ നിന്നു കാറിന്റെ താക്കോൽ താഴേക്ക് വീണു.

ഇതോടെ അഗ്നിരക്ഷാ സേനയുടെ സഹായം തേടുകയായിരുന്നു. സേന എത്തി കാറിന്റെ ഗ്ലാസ് താഴ്ത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കാർ കമ്പനിയുമായി ബന്ധപ്പെട്ട് ലോക്ക് മാറ്റാൻ വഴിയുണ്ടോ എന്നും അന്വേഷിച്ചു. എന്നാൽ മറ്റു മാർഗങ്ങൾ ഒന്നുമില്ലെന്ന് കണ്ടതോടെ കാറിന്റെ സൈഡ് ഗ്ലാസിനോടു ചേർന്നുള്ള ചെറിയ ഗ്ലാസ് പൊട്ടിച്ച് കാറിന്റെ ലോക്ക് മാറ്റി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.

സീനിയർ ഫയർ റെസ്ക്യു ഓഫിസർ സുധീഷ്, ഫയർ റെസ്ക്യു ഓഫിസർമാരായ ഷിജു, അനിലേഷ്, ഫയർ ആൻഡ് റെസ്ക്യു ഡ്രൈവർ ജയരാജൻ, ഹോംഗാർഡ് രാഘവൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍