ലഹരി: നിയമസഭ പുതിയ നിയമം പാസാക്കണം - വിസ്ഡം ആദർശ സമ്മേളനം


താമരശ്ശേരി: ലഹരി തടയാൻ അവസരങ്ങൾ കുറയ്ക്കുക എന്ന പരിഹാരം നടപ്പാക്കാൻ ലഹരിക്കെതിരേ കേരള നിയമ സഭ ശക്തമായ ശിക്ഷകൾ ഉറപ്പാക്കുന്ന പുതിയ നിയമം കൊണ്ടുവരാൻ സർക്കാർ മുന്നോട്ടു വരണമെന്ന്   താരമശ്ശേരി-കോരങ്ങാട്ടു വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച മുജാഹിദ് ആദർശ സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അശ്റഫ് ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം മുഖ്യ രക്ഷാധികാരി  സി.പി.അബ്ദുല്ല അധ്യക്ഷത വഹിച്ചു.

1985ലെ മയക്കുമരുന്ന് കേസുകൾക്ക് ശിക്ഷകൾ നിർദ്ദേശിക്കുന്ന എൻ.ഡി.പി. എസ് ആക്ട് (Narcotic Drugs and Psychiatric Substance Act) പരിഷ്കരിച്ച് ശക്തമായ ശിക്ഷാ നടപടി ഉറപ്പാക്കാൻ സമയം അതിക്രമിച്ചെന്നും പ്രമേയം തുടർന്നു.

ലഹരിക്കെതിരേ ബോധവൽക്കരണം ഡി അഡിക്ഷൻ എന്നിവ ലക്ഷ്യം വെച്ച് പ്രാദേശിക കൂട്ടായ്മകൾ രൂപീകൃതമാവണം.
സ്കൂൾ പി.ടി.എ, രാഷ്ടീയ പാർട്ടികൾ, മഹല്ലു-ക്ഷേത്ര-ചർച്ച് കമ്മറ്റികൾ സ്ഥിരം അജണ്ടയായി ഇവ്വിഷയം എടുക്കണം.

ആത്മീയ ചൂഷണങ്ങൾ വ്യാപകമാക്കുന്ന സാഹചര്യത്തിൽ  ജില്ലയിലെ ആത്മീയ ചൂഷണ പ്രദേശങ്ങൾ  കേന്ദ്രീകരിച്ചു പ്രത്യേക ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന്  സമ്മേളനം പ്രഖ്യാപിച്ചു.
വിശുദ്ധ ക്വുർആനും പ്രവാചക ചര്യയും പഠിക്കുന്നതിൽ നിന്ന് സമുദായത്തെ പുരോഹിതന്മാർ തടഞ്ഞതാണ് ഇസ് ലാമിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വർദ്ധിക്കാൻ കാരണം.

സ്ത്രീകൾക്കെതിരെ പരസ്യമായിത്തന്നെ  ആക്രമണങ്ങളും കൊലപാതകങ്ങളും വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ശിക്ഷാ നിയമങ്ങളിലെ പഴുതുകളടച്ച് ശിക്ഷാ നടപടികൾ കർശനമായി നടപ്പാക്കണം.

സോഷ്യൽ മീഡിയകളിൽ ചതിക്കെണികളൊരുക്കി കാത്തിരിക്കുന്ന  സാഹചര്യം കൗമാരക്കാരും, കുടുംബിനികളും ജാഗ്രതയോടെ കാണുകയും, പരലോക വിശ്വാസവും ആദർശ പ്രതിബദ്ധതയും പഠിപ്പിക്കുന്ന സംവിധാനളിലേക്ക് മക്കളെ പങ്കെടുപ്പിച്ച് വിശുദ്ധിയുള്ളവരാകാൻ അവരെ പ്രാപ്തരാക്കാൻ മാതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
വേഷത്തിന്റെ പേരിൽ ഇസ്ലാമിനെതിരെയുണ്ടാവുന്ന വിമർശനങ്ങൾ മതദർശനത്തെ ക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് തിരിച്ചറിഞ്ഞ് ക്വുർആനും പ്രവാചക ചര്യയും മുൻധാരണകളില്ലാതെ വിശ്വസ്ഥമായ സംവിധാനങ്ങളിലൂടെ പഠിക്കുകയാണ് വേണ്ടതെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

വിസ്ഡം ബുക്സ് പുതുതായി പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വിസ്ഡം സംസ്ഥാന സെക്രട്ടറി ഹുസൈൻ കാവനൂർ കോരങ്ങാട് അശ്റഫ് മാസ്റ്റർക്ക് നൽകി പ്രകാശനം ചെയ്തു. പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ.ഹാരിസ് ബ്നു സലീം, ഹുസൈൻ സലഫി ഷാർജ പ്രഭാഷണം നടത്തി.ജനറൽ കൺവീനർ ടി.പി.അബ്ദുല്ലത്തീഫ് ,ചെയർമാൻ ഉമ്മർ അത്തോളി, വി.കെ.ഉനൈസ് സ്വലാഹി, സി.പി. സാജിദ്, സംസം അബ്ദുറഹിമാൻ പ്രസംഗിച്ചു. സി.പി.സലീം, നാസർ ബാലുശ്ശേരി, അബ്ദുൽ മലിക് സലഫി, ഷമീൽ മഞ്ചേരി , യു.മുഹമ്മദ് മദനി, ബഷീർ കുണ്ടായിത്തോട്, കെ.ജമാൽ മദനി, മുജാഹിദ് ബാലുശ്ശേരി, ടി.പി.അബ്ദുൽ അസീസ്, വി.സി.മുഹമ്മദ് മാസ്റ്റർ, ടി.പി.അബ്ദുൽ ഖാദർ മാസ്റ്റർ, ടി.പി.അബ്ദുൽ ജലീൽ സംബന്ധിച്ചു.
വിസ്ഡം വെബ് സൈറ്റിൻ്റെ ലോഞ്ചിംഗ് യു.എ.ഇ ഇന്ത്യൻ ഇസ് ലാഹി സെൻ്റർ പ്രസിഡണ്ട് ഹുസൈൻ സലഫി നിർവ്വഹിച്ചു. ആയിരങ്ങൾ പങ്കെടുത്ത സമ്മേളനത്തിൽ വിസ്ഡം ബുക് സ്റ്റാൾ, പീസ് റേഡിയോ സെൻ്റർ, നേർപഥം സൈറ്റ് എന്നിവയും ഒരുക്കിയിരുന്നു.